ബാങ്ക് സേവനത്തില്‍ പരാതികളേറുന്നു

2020 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ 57 ശതമാനം വര്‍ധനവാണുണ്ടായത്

Update: 2021-02-09 04:50 GMT

ഇന്നത്തെ കാലത്ത് ആര്‍ക്കും ഒഴിച്ചുകൂടാനാവാത്ത മേഖലയാണ് ബാങ്ക്. എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് വഴി നടക്കുന്നതിനാല്‍ തന്നെ ഒന്നോ അതിലധികമോ അക്കൗണ്ടുകള്‍ മിക്കവര്‍ക്കും ഉണ്ടാകും. ചിലപ്പോഴൊക്കെ യഥാസമയം ബാങ്കിന്റെ സേവനം ലഭ്യമാകാത്തെ ചിലരൊക്കെ പ്രയാസപ്പെടാറുമുണ്ട്.

2020ല്‍ ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ 57 ശതമാനം വര്‍ധനവാണുണ്ടായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു. അതായത് ഇക്കാലയളവില്‍ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചു 3.08 ലക്ഷം പരാതികളാണ് ലഭിച്ചത്.

പരാതികളില്‍ അഞ്ചിലൊന്നും എടിഎമ്മുമായോ ഡെബിറ്റ് കാര്‍ഡുമായോ ബന്ധപ്പെട്ട സേവനങ്ങളെ കുറിച്ചാണ്. മൊബൈല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ബാങ്കിംഗുമായി ബന്ധപ്പെട്ട് 13.38 ശതമാനം പരാതികളാണ് ലഭിച്ചതെന്നും ഓംബുഡ്സ്മാന്‍ സ്‌കീം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രെഡിറ്റ് കാര്‍ഡുകള്‍, അറിയിപ്പില്ലാതെ ചാര്‍ജ് ഈടാക്കല്‍, വായ്പകള്‍, ബാങ്കിംഗ് കോഡ്‌സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചു.
ഡയറക്ട് സെയില്‍സ് ഏജന്റ് (ഡിഎസ്എ), റിക്കവറി ഏജന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 2018-19 ലെ 629 പരാതികളില്‍ നിന്ന് ഈ വര്‍ഷം 1,406 ആയി ഉയര്‍ന്നു. 2018-19ല്‍ 94.03 ശതമാനത്തില്‍ നിന്ന് ഡിസ്‌പോസല്‍ നിരക്ക് 92.36 ശതമാനമായി കുറഞ്ഞു.
നോണ്‍-ബാങ്ക് ഫിനാന്‍സ് കമ്പനികളുടെ കാര്യത്തില്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ സ്‌കീമിന് ലഭിച്ച പരാതികളുടെ എണ്ണത്തില്‍ 386 ശതമാനം വര്‍ധനയുണ്ടായി. ഡിസ്‌പോസല്‍ നിരക്ക് 95.34 ശതമാനമാണ്.
അതേസമയം ഉപഭോക്തൃ പരാതികളില്‍ എസ്ബിഐയുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും വിഹിതം 61.90 ശതമാനത്തില്‍ നിന്ന് 59.65 ശതമാനമായി കുറഞ്ഞു. സ്വകാര്യ ബാങ്കുകളുടെ വിഹിതം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.




Tags:    

Similar News