കെ ഫിന്‍ ടെക്നോളജീസിന്റെ 10% ഓഹരികള്‍ സ്വന്തമാക്കി കൊട്ടക് മഹീന്ദ്ര ബാങ്ക്

ഇടപാട് 310 കോടിരൂപയുടേത്.

Update:2021-09-20 19:05 IST

കെഫിന്‍ ടെക്‌നോളജീസിന്റെ 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക്. മ്യൂച്വല്‍ ഫണ്ട് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് പ്രശ്‌ന പരിഹാരമാര്‍ഗങ്ങളുള്‍പ്പെടെ വിവിധ സേവനങ്ങള്‍ നല്‍കുന്ന ഫിനാഷ്യല്‍ ടെക്നോളജി കമ്പനിയായ കെ ഫിന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഓഹരി ഇടപാടിലൂടെ 310 കോടി രൂപ നിക്ഷേപിക്കുമെന്നാണ് സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

'ഇക്വിറ്റി ഷെയര്‍ഹോള്‍ഡിംഗിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ഏകദേശം 9.98% ഓഹരികള്‍ അഥവാ 310 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയാണ്. അത് ഏകദേശം 1,67,25,100 ഇക്വിറ്റി ഷെയറുകള്‍ വരും,' 2021 സെപ്റ്റംബര്‍ 19 -ന് എക്‌സ്‌ചേഞ്ചുകള്‍ക്കുള്ള അറിയിപ്പില്‍ ബാങ്ക് പറഞ്ഞു.
തീരുമാനം പുറത്തുവന്നതോട കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപയും പിന്നിട്ടു. ഓഹരിവിലയില്‍ തിങ്കളാഴ്ച ഒരുശതമാനത്തിലേറെ കുതിപ്പുണ്ടായതിനെത്തുടര്‍ന്നാണിത്.
എന്നാല്‍ പിന്നീട് 2,037.15 രൂപയില്‍ എത്തിയ ഓഹരികള്‍ എന്നാല്‍ ആഗോള സൂചികകള്‍ ദുര്‍ബലമായതോടെ 0.24% ഇടിഞ്ഞ് 2,001.25 രൂപയിലെത്തി. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഏകദേശം 3.97 ലക്ഷം കോടി രൂപയിലെത്തി.
മ്യൂച്വല്‍ ഫണ്ടുകള്‍, ഇതര നിക്ഷേപ മാര്‍ഗങ്ങള്‍, ഇടിഎഫുകള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നിങ്ങനെ വിശാലമായ അസറ്റ് ക്ലാസുകളിലുടനീളം സമഗ്രമായ സാമ്പത്തിക, സാങ്കേതിക പരിഹാര മാര്‍ഗങ്ങളും സേവനങ്ങളും നല്‍കുന്ന സ്ഥാപനമാണ് കെ-ഫിന്‍. കൂടാതെ, നിക്ഷേപക- ഇഷ്യൂവര്‍ സേവനങ്ങള്‍ക്കായുള്ള രാജ്യത്തെ തന്നെ മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ് കെ - ഫിന്‍.


Tags:    

Similar News