ഒഡീഷ ട്രെയിനപകടം: സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ എല്‍.ഐ.സി ക്ലെയിം നേടാം

ക്‌ളെയിം നേടാനുള്ള രേഖകളില്‍ ഇളവ്; ഹെൽപ് ഡെസ്കും ആരംഭിച്ചു

Update: 2023-06-05 05:07 GMT

ഒഡീഷയിലെ ബാലാസോറിലുണ്ടായ ട്രെയിനപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായഹസ്തവുമായി എല്‍.ഐ.സി. മരണ സര്‍ട്ടിഫിക്കറ്റ് (Death Certificate) ഹാജരാക്കാതെ തന്നെ ക്ലെയിം തുക നേടാമെന്ന് എല്‍.ഐ.സി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മൊഹന്തി വ്യക്തമാക്കി.

എല്‍.ഐ.സി പോളിസികള്‍ക്ക് പുറമേ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയ്ക്കും ഈ ഇളവവുണ്ട്. മരണ സര്‍ട്ടിഫിക്കറ്റിന് പകരം റെയില്‍വേ അതോറിറ്റികള്‍, പൊലീസ്, കേന്ദ്ര-സംസ്ഥാന അതോറിറ്റികള്‍ എന്നിവയുടെ ഏതെങ്കിലും മരണ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ക്ലെയിം അനുവദിക്കും. മരണ സര്‍ട്ടിഫിക്കറ്റ് നേടാനും അതുവഴി ക്ലെയിം  സ്വന്തമാക്കാനുമെടുക്കുന്ന കാലതാമസം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ക്ലെയിം സംബന്ധിച്ചുള്ള പരാതികളും സംശയങ്ങളും പരിഹരിക്കാന്‍ ഡിവിഷണല്‍, ബ്രാഞ്ച് തലങ്ങളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 02268276827 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചും സഹായം തേടാമെന്ന് അദ്ദേഹം വ്യക്തമാക്കി.


Tags:    

Similar News