വായ്പാ മൊറട്ടോറിയം: പലിശ എഴുതിത്തള്ളാനാകില്ലെന്ന് സുപ്രീം കോടതി
രണ്ട് കോടി വരെയുള്ള വായ്പകളുടെ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ കേന്ദ്രം നേരത്തെ ഒഴിവാക്കിയിരുന്നു
കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച വായ്പാ തിരിച്ചടവുകള്‍ക്കുള്ള മൊറട്ടോറിയം കാലത്തെ പലിശ എഴുതിത്തള്ളാനാകില്ലെന്ന് സുപ്രീം കോടതി. ഡിസംബര്‍ 17 ന് സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വായ്പാ മൊറട്ടോറിയം നീട്ടണമെന്നും പലിശ ഒഴിവാക്കണമെന്നുമുള്ള ആവശ്യം സുപ്രീം കോടതി തള്ളി.
വിദഗ്ധരുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും സാമ്പത്തിക നയത്തെക്കുറിച്ച് തീരുമാനിക്കുന്നതെന്നും അതിനാല്‍ സാമ്പത്തിക നയത്തിന്റെ കൃത്യതയെക്കുറിച്ച് തീരുമാനിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. മൊറട്ടോറിയം കാലത്ത് പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.
2020 മാര്‍ച്ച് 27 നാണ് മൂന്ന് മാസത്തേക്ക് വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം റിസര്‍വ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് കോവിഡ് വ്യാപനം കൂടിയതോടെ മൂന്ന് മാസത്തേക്ക് കൂടി മൊറട്ടോറിയം നീട്ടുകയായികുന്നു. ഇതിനിടെയാണ് മൊറട്ടോറിയം നീട്ടണമെന്നും വായ്പകള്‍ക്കുള്ള പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജികളെത്തിയത്.
നേരത്തെ, രണ്ട് കോടി വരെയുള്ള വായ്പകളുടെ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ കേന്ദ്രം ഒഴിവാക്കിയിരുന്നു.