700 കോടി രൂപയുടെ ഭവന വായ്പകള്‍ നല്‍കാനൊരുങ്ങി മുത്തൂറ്റ് ഹോംഫിന്‍
2021-22 സാമ്പത്തിക വര്‍ഷത്തിനുള്ളിലാണ് 700 കോടി രൂപ വായ്പ നല്‍കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനും കമ്പനി പദ്ധതിയിട്ടിരിക്കുന്നു.;
മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ സബ്സിഡിയറിയായ മുത്തൂറ്റ് ഹോംഫിന്‍ 2021-22 സാമ്പത്തിക വര്‍ഷം 700 കോടി രൂപയുടെ ഭവന വായ്പകള്‍ നല്‍കാനൊരുങ്ങുന്നു. 2016-ല്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷം കൊണ്ട് 2600 കോടി രൂപയിലേറെ ഭവന വായ്പ നല്‍കിയ മുത്തൂറ്റ് ഹോംഫിന്‍ ഇപ്പോള്‍ 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 22,000 ത്തില്‍ ഏറെ ഉപഭോക്താക്കള്‍ക്കാണു സേവനം നല്‍കുന്നത്.
പിഎംഎവൈയുടെ വായ്പാ ബന്ധിത സബ്സിഡി പദ്ധതി പ്രകാരം 300 കോടി രൂപയുടെ വായ്പാ സബ്സിഡി മുത്തൂറ്റ് ഹോംഫിന്‍ കൈമാറ്റം ചെയ്തു കഴിഞ്ഞിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് ഹോംഫിന് ക്രിസില്‍ നല്‍കിയിരിക്കുന്ന റേറ്റിംഗ് എഎപ്ലസ് (സ്റ്റേബിള്‍) ആയി ഉയര്‍ത്തിയത് കൂടുതല്‍ മല്‍സരാധിഷ്ഠിതമായി ഫണ്ട് ശേഖരിക്കാനും അതുവഴിയുള്ള നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കാനും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.