തൊഴില്‍ അധിഷ്ഠിത കോഴ്സുകളുമായി സ്വകാര്യ ബാങ്കുകള്‍
സ്വകാര്യ സര്‍വകലാശാലയുമായി സഹകരിച്ചാണ് പുതിയ റെസിഡന്‍ഷ്യല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്
പ്രമുഖ സ്വകാര്യ ബാങ്കുകള്‍ യുവാക്കളെ ആകര്‍ഷിക്കാനായി വിവിധ തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ ആരംഭിച്ചിരിക്കുന്നു. പൂര്‍ണമായും കാമ്പസില്‍ താമസിച്ചു പഠിക്കേണ്ട കോഴ്സുകള്‍ നടത്തുന്നത് സ്വകാര്യ സര്‍വ്വകലാശാലകളാണ്.
തൊഴില്‍ നേടാന്‍ അവസരം
കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്കുകളില്‍ ജോലി ലഭിക്കുന്നു. ഇപ്പോള്‍ ഐ സി ഐ സി ഐ ബാങ്ക് മണിപ്പാല്‍ അക്കാഡമി ഓഫ് ഹയര്‍ എഡ്യൂക്കേഷനുമായി സഹകരിച്ച് മണിപ്പാല്‍ പ്രൊബേഷനറി ഓഫീസേഴ്സ് പ്രോഗ്രാം ആരംഭിക്കുകയാണ്. എച്ച് ഡി എഫ് സി ബാങ്ക് അമിറ്റി ഗ്ലോബല്‍ ബിസിനസ് സ്‌കൂളുമായി സഹകരിച്ച് റൈസിംഗ് ബാങ്കേഴ്‌സ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.
ബാങ്കിംഗ് രംഗത്ത് തൊഴിലവസരങ്ങള്‍ തേടുന്ന യുവാക്കളെ ഉദ്ദേശിച്ചാണ് പരിശീലന പരിപാടി നടപ്പാക്കുന്നത്. ആദ്യ 5 മാസം കാമ്പസിലും തുടര്‍ന്ന് 3 മാസം ഇന്‍ന്റേണ്‍ഷിപ്പും നല്‍കും. ബിരുദാനന്തര ഡിപ്ലോമ ലഭിക്കുന്നവര്‍ക്ക് എച്ച് ഡി എഫ് സി ബാങ്കില്‍ മുഴുവന്‍ സമയ തൊഴില്‍ നേടാന്‍ അവസരം ലഭിക്കും.
നൈപുണ്യ വിടവ് പരിഹരിക്കും
ആക്‌സിസ് ബാങ്കും മണിപ്പാല്‍ അക്കാഡമിയുമായി ചേര്‍ന്ന് 6 മാസത്തെ കോഴ്സ് നടത്തുന്നുണ്ട്. ആക്‌സിസ് ബാങ്കില്‍ 3 മാസത്തെ ഇന്‍ന്റേണ്‍ഷിപ്പും ലഭിക്കും. ബാങ്കിംഗ് സംബന്ധമായ വിഷയങ്ങള്‍ പഠിക്കാന്‍ കഴിയുന്ന ഇത്തരം കോഴ്സുകള്‍ വിദ്യാര്‍ത്ഥികളെ ബാങ്കിംഗ് ജോലികള്‍ക്ക് പ്രാപ്തരാക്കാനും ബാങ്കുകള്‍ ഓഫീസര്‍ ട്രെയിനികളെ എടുക്കുമ്പോള്‍ നേരിടുന്ന നൈപുണ്യ വിടവ് പരിഹരിക്കാനും സാധിക്കുന്നു.