ക്രെഡിറ്റ് കാര്‍ഡിന് ജൂലൈ മുതല്‍ പുതുക്കിയ നിയമം: ഈ ഫിന്‍ടെക് കമ്പനിക്കാര്‍ക്ക് പണിയാകുമോ?

വിപണിയില്‍ ലഭ്യമായ സ്ലൈസ് ഉള്‍പ്പെടെയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കാന്‍

Update:2022-04-28 13:10 IST

ക്രെഡിറ്റ് കാര്‍ഡ് വിതരണത്തെക്കുറിച്ചുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉല്‍പ്പന്നങ്ങള്‍, ക്രെഡിറ്റ് വായ്പകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് അല്‍പ്പം വെള്ളംകുടിക്കേണ്ടി വരും.

ആര്‍ബിഐയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളിലെ രണ്ട് നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍ ആണ് ഈ ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് തലവേദനയാകുക.
ഒന്ന്:
മുന്‍കൂര്‍ അനുമതിയില്ലാതെ, ഒരു നോണ്‍-ബാങ്ക് ഫിനാന്‍സ് കമ്പനിക്കും ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ചാര്‍ജ് കാര്‍ഡുകള്‍ അല്ലെങ്കില്‍ സമാനമായ ഉല്‍പ്പന്നങ്ങള്‍ വെര്‍ച്വല്‍ അല്ലെങ്കില്‍ ഫിസിക്കല്‍ ഇഷ്യൂ ചെയ്യാന്‍ അനുവാദമില്ല.
രണ്ട്:
ഒരു കോ-ബ്രാന്‍ഡഡ് ഫിനാന്‍സ് കമ്പനിയുമായി ചേര്‍ന്നുള്ള പങ്കാളികള്‍ക്ക് കാര്‍ഡിലെ ഉപഭോക്തൃ ഇടപാട് ഡാറ്റയിലേക്ക് പൂര്‍ണ്ണ ആക്സസ് ലഭിച്ചേക്കില്ല.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജൂലൈ ഒന്നു മുതല്‍ ആണ് പ്രാബല്യത്തില്‍ വരുന്നത്.
ഫെഡറല്‍ ബാങ്ക് ലിമിറ്റഡിനൊപ്പം ഡെബിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്യുന്ന ജൂപ്പിറ്റര്‍ ഉള്‍പ്പെടെയുള്ള ചില ജനപ്രിയ കാര്‍ഡുകാര്‍ ഇക്കാര്യത്തില്‍ ഏത് തരത്തിലുള്ള നിയന്ത്രണങ്ങള്‍ നേരിടുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്യുന്ന സ്ലൈസ്, DMI ഫിനാന്‍സ്, വിവൃതി ക്യാപിറ്റല്‍ തുടങ്ങിയ വായ്പാ ദാതാക്കളുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ക്രെഡിറ്റ് ലോണ്‍, പേഴ്‌സണല്‍ ലോണ്‍ എന്നിങ്ങനെയുള്ള വായ്പാ ഓപ്ഷന്‍ അന്വേഷിച്ച് പലപ്പോഴും ഓണ്‍ലൈനിലെത്തുന്ന ഒരു സാധാരണ ഉപഭോക്താവിന് വായ്പ ലഭ്യമാകുമോ, ക്രെഡിറ്റ്കാര്‍ഡ് യോഗ്യത ഉണ്ടോ എന്നറിയാന്‍ എന്ന രീതിയില്‍ പൂര്‍ത്തിയാക്കപ്പെടുന്ന ഓണ്‍ലൈന്‍ കെവൈസിയിലൂടെ പലപ്പോഴും വീട്ടില്‍ സ്ലൈസ് ക്രെഡിറ്റ് കാര്‍ഡ് എത്തുമ്പോഴാകും ഉപഭോക്താവിന് തന്നെ താന്‍ പൂര്‍ത്തിയാക്കിയത് ക്രെഡിറ്റ് കാര്‍ഡ് ആപ്ലിക്കേഷന്‍ എന്നു പോലും മനസ്സിലാകുക. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ കാര്‍ഡ് ഇഷ്യൂവിംഗ് ഇനി നടപ്പാകില്ല. ഇത്തരത്തില്‍ കാര്‍ഡ് ലഭിക്കുന്നവര്‍ പലപ്പോഴും കാര്‍ഡ് ഉപയോഗിക്കുകയും തിരിച്ചടവ് മുടങ്ങി കുരുക്കിലാകുകയും ചെയ്യും.
RBL ബാങ്കിന്റെയും SBM ബാങ്കിന്റെയും പിന്തുണയുള്ള പേ ലേറ്റര്‍ കാര്‍ഡ് വാഗ്ദാനം ചെയ്യുന്ന യൂണി കാര്‍ഡും ഇനി എളുപ്പത്തില്‍ കാര്‍ഡ് ഓപ്പണിംഗ് നടന്നേക്കില്ല.
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് തടയാനും ബാങ്കുകളുടെ നിയമത്തിന് കൂടുതല്‍ ശക്തിപകരാനുമാണ് ആര്‍ബിഐയുടെ പുതിയ നടപടി.
ആര്‍ബിഐ പുറത്തിറക്കിയ ക്രെഡിറ്റ് കാര്‍ഡ് മാനദണ്ഡങ്ങള്‍
1. ക്രെഡിറ്റ് കാര്‍ഡ് അപേക്ഷയോടൊപ്പം ക്രെഡിറ്റ് കാര്‍ഡിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വസ്തുതകള്‍ അടങ്ങുന്ന ഒരു പേജ് പ്രസ്താവന ഉണ്ടാവണം- പലിശ നിരക്ക്, വിവിധ ചാര്‍ജുകള്‍, ബില്ലിംഗ് വിവരങ്ങള്‍ തുടങ്ങിയവ. ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരസിക്കുന്ന പക്ഷം അതിന്റെ കാരണങ്ങള്‍ അപേക്ഷകനെ അറിയിക്കണം.
2. അപേക്ഷകന് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്ന വേളയില്‍ ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും, കാര്‍ഡ് അപേക്ഷകനും ബാങ്കും തമ്മിലുള്ള കരാറിന്റെ പകര്‍പ്പും സ്വാഗത കിറ്റിനൊപ്പം രജിസ്റ്റേഡ് ഇമെയില്‍ വിലാസത്തിലോ പോസ്റ്റല്‍ വിലാസത്തിലോ നല്‍കിയിരിക്കണം. നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വേളയില്‍ അത് സംബന്ധിച്ച അറിയിപ്പ് കാര്‍ഡ് ഉടമക്ക് നല്‍കിയിരിക്കണം.
3. കാര്‍ഡ് നഷ്ടപ്പെടുകയോ, വഞ്ചനയിലൂടെയോ ഉണ്ടാകുന്ന നഷ്ടസാധ്യതയില്‍ നിന്ന് സംരക്ഷണം നല്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ കാര്‍ഡ് ഉടമക്ക് നല്‍കുന്നതിനെ കുറിച്ച് പരിഗണിക്കണം.
4. ഉപഭോക്താവിന്റെ സമ്മതം ഇല്ലാതെ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ സമ്മതം ഇല്ലാതെ അവരുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുകയോ നിലവിലുള്ള കാര്‍ഡ് നവീകരിക്കുകയോ ചെയ്താല്‍, കൂടാതെ അതിന്റെ ബില്ലും നല്‍കിയാല്‍ ബില്ല് തുക റദ്ദാക്കുകയും അടച്ച തുക തിരികെ നല്‍കുകയും വേണം. ഇത് കൂടാതെ ബില്ല് തുകയുടെ ഇരട്ടി പിഴയായി ബാങ്കില്‍ നിന്ന് ഈടാക്കും.
5. അപേക്ഷിച്ചിട്ടോ അപേക്ഷികതയോ ഉപഭോക്താവിന് ക്രെഡിറ്റ് കാര്‍ഡ് നല്‍കിയിട്ട് അത് ഉപഭോക്താവിന് ലഭിക്കുന്നതിന് മുന്‍പ് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്ത്വം കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്കിനാവും.
6 . കാര്‍ഡ് കാര്‍ഡ് ഉപയോഗക്ഷമമാക്കുന്നതിനു വേണ്ടി ഒറ്റ തവണ ഉപയോഗിക്കാവുന്ന പാസ്സ്വേര്‍ഡ് (OTP) നല്‍കേണ്ടതാണ്. അത് നല്‍കി 30 ദിവസത്തിനകം അത് ഉപയോഗപെടുത്തിയില്ലെങ്കില്‍ കാര്‍ഡ് ഏഴു ദിവസത്തിനുളള്ളില്‍ ഉപഭോക്താവില്‍ നിന്ന് പണം ഒന്നും ഈടാക്കാതെ റദ്ദ് ചെയ്യാം.
7. ഒരു കാരണവശാലും കാര്‍ഡ് ഉപയോഗക്ഷമമാക്കുന്നതിന് മുന്‍പ് ഉപഭോക്താവിനെ സംബന്ധിക്കുന്ന വായ്പ(credit) സംബന്ധമായ വിവരങ്ങള്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് നല്‍കാന്‍ പാടില്ല. അഥവാ അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍, 30 ദിവസത്തിനുള്ളില്‍ അത് പിന്‍വലിക്കണം.
8. ഉപഭോക്താവിന്റെ രേഖാമൂലമുള്ള സമ്മതം ലഭിച്ചതിനു ശേഷമേ ക്രെഡിറ്റ് കാര്‍ഡ് നല്‍കാന്‍ പാടുള്ളു. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ സമ്മതം വാങ്ങാം.
9. ടെലി മാര്‍ക്കെറ്റിംഗിലൂടെ കാര്‍ഡ് പ്രചരിപ്പിക്കുന്ന ബാങ്കുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍.
രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണിക്ക് ഇടയില്‍ മാത്രമേ ബന്ധപ്പെടാന്‍ പാടുള്ളു.
10. കാര്‍ഡ് നല്‍കുന്ന ബാങ്കിനാണ് അതിനെ സംബന്ധിക്കുന്ന പൂര്‍ണ ഉത്തരവാദിത്തം.. ഡയറക്ട് സെയില്‍സ് ഏജന്റുമാര്‍ക്കും, മാര്‍ക്കറ്റിംഗ് ഏജന്റുമാര്‍ക്കും വില്‍ക്കാനുള്ള കടമ മാത്രമാണ് ഉള്ളത്.


Tags:    

Similar News