ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതില്‍ നിയന്ത്രണങ്ങള്‍ വരുന്നു,അറിയാം

ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും വിശദമായി അറിയാം.

Update: 2021-03-15 09:03 GMT

വളരെ എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ ഇനി കഴിഞ്ഞേക്കില്ല. ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കാന്‍ ബാങ്കുകള്‍ അല്‍പ്പം മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടെ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ചായിരിക്കും ബാങ്ക് കാര്‍ഡുകള്‍ അനുവദിക്കുക.

ശരാശരി 780 ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് മാത്രമാണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കൂ എന്ന തരത്തില്‍ നിയമം ക്രമീകരിക്കപ്പെടാനും സാധ്യത ഉള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള വായ്പകള്‍ മുമ്പത്തേക്കാള്‍ വലിയ അളവില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ബാങ്കുകളുടെ പുതിയ തീരുമാനമത്രെ. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ മാസം വരെ ക്രെഡിറ്റ് കാര്‍ഡുകളുടെ കുശിശികയില്‍ 4.6 ശതമാനം വര്‍ധനവുമുണ്ടായിട്ടുണ്ട്.
ലോക്ഡൗണ്‍ ആരംഭിച്ച് 2020 മാര്‍ച്ചിനും ഓഗസ്റ്റിനും ഇടയില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശികയില്‍ 0.14 ശതമാനം വളര്‍ച്ചയാണ് സംഭവിച്ചത്്. പിഒഎസ്, എടിഎം എന്നിവ ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ 2020 ഡിസംബര്‍ വരെ 4.1 ശതമാനം കുറവുണ്ടായി.
മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് മാത്രം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയാല്‍ മതിയെന്ന നിലപാടിലേക്ക് ബാങ്കുകള്‍ കടന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞവര്‍ക്കും കാര്‍ഡ് ലഭ്യമാകുന്ന നിലവിലെ സാഹചര്യം ഇല്ലാതാകും. ഉപഭോക്താക്കള്‍ തിരിച്ചടവ് മുടക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് വരുന്ന അധിക ബാധ്യത ഒഴിയുകയും ചെയ്യും.
നേരത്തെ 700 പോയ്ന്റ് എങ്കിലും ക്രെഡിറ്റ് സ്‌കോര്‍ വേണമെന്നതായിരുന്നു ബാങ്കുകളുടെ പ്രധാനമാനദണ്ഡം. എന്നാല്‍ ഇത്തരത്തില്‍ അല്ലാതെയും സാലറി സ്ലിപ്പും മറ്റും കാണിച്ച് നിരവധി പേര്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇനി ഇത് നടപ്പാകില്ല.
ക്രെഡിറ്റ് കാര്‍ഡിനായുള്ള സ്‌കോര്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും എല്ലാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നുമാണ് ബാങ്കുകള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.


Similar News