ഒണ്‍ലി യോനോ; ഡിജിറ്റല്‍ ബാങ്ക് ആരംഭിക്കാന്‍ എസ്ബിഐ
എസ്ബിഐ യോനോ സേവനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പായാവും ഡിജിറ്റല്‍ ബാങ്ക് എത്തുക
യോനോ ആപ്പില്‍ വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി എസ്ബിഐ. പ്രത്യേക ഡിജിറ്റല്‍ ബാങ്കായി യോനോയെ മാറ്റുകയാണ് എസ്ബിഐയുടെ ലക്ഷ്യം. ഒണ്‍ലി യോനോ എന്ന പേരിലാവും പുതിയ ഡിജിറ്റല്‍ ബാങ്ക് ആരംഭിക്കുക. ഉപഭോക്താക്കളുടെ ഇടയിലുള്ള സ്വീകാര്യത പരിഗണിച്ച് എല്ലാ തരത്തിലുമുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ ആപ്പായി യോനോയെ മാറ്റുമെന്ന് നേരത്തെ എസ്ബിഐ അറിയിച്ചിരുന്നു.
ശാഖകളില്ലാതെ പൂര്‍ണമായും ഓണ്‍ലൈനിലൂടെ പ്രവര്‍ത്തിക്കുന്നവയാണ് ഡിജിറ്റല്‍ ബാങ്കുകള്‍. എന്‍ബിഎഫ്‌സി, നിയോ ബാങ്ക് തുടങ്ങിയവയ്ക്ക് ഉള്ള പോലെ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ഇടപാടുകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. ഒരു സാധാരണ ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ, അതുപോലെ തന്നെയായിരിക്കും ഡിജിറ്റല്‍ ബാങ്കുകളും. പരമ്പരാഗത ബാങ്കുകളെ അപേക്ഷിച്ച് ചിലവ് 70 ശതമാനത്തോളം കുറവായിരിക്കും എന്നതും പ്രത്യേകതയാണ്.
2-18 മാസത്തിനുള്ളില്‍ ഒണ്‍ലി യോനോ പ്രവര്‍ത്തനം ആരംഭിക്കും. നിയോ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കിക്കുന്ന യോനോ ഉപഭോക്താക്കള്‍ ഈ ഡിജിറ്റല്‍ ബാങ്കിന്റെ ഭാഗമാവും. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ തന്നെ ഒന്നാമതാണ് യോനോ എസ്ബിഐ. 54 മില്യണ്‍ പ്രതിമാസ സജീവ ഉപഭോക്താക്കളാണ് യോനോ എസ്ബിഐയ്ക്ക് ഉള്ളത്.
2017ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആപ്പ് ഇതുവരെ 70 ദശലക്ഷത്തിലധികം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. എസ്ബിഐയുടെ കണക്കുകള്‍ പ്രകാരം ഏകദേശം 40 ബില്യണ്‍ ഡോളറാണ് യോനോ എസ്ബിഐയുടെ മൂല്യം. എന്നാല്‍ അനലിസ്റ്റുകള്‍ പറയുന്നത് 2021ല്‍ തന്നെ യോനോ എസ്ബിഐയുടെ മൂല്യം 50 ബില്യണ്‍ ഡോളര്‍ കടന്നെന്നാണ്. യോനോയുടെ ചെറുപതിപ്പായ യോനോ ലൈറ്റ് എസ്ബിഐയ്ക്ക് 18.9 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.