അറ്റാദായത്തില്‍ 41 ശതമാനം വര്‍ധനവുമായി എസ്ബിഐ, ലാഭവിഹിതവും പ്രഖ്യാപിച്ചു

അറ്റാദായത്തില്‍ 63-72 ശതമാനം വര്‍ധനവുണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകള്‍

Update:2022-05-13 16:20 IST

2022 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 41 ശതമാനം വര്‍ധനവുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം 41.2 ശതമാനം വര്‍ധിച്ച് 9,113.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് 6,451 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. കൂടാതെ, ഓഹരി ഒന്നിന് 7.10 രൂപ ലാഭവിഹിതവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം മാര്‍ച്ച് പാദത്തില്‍ 15.26 ശതമാനം ഉയര്‍ന്ന് 31,198 കോടി രൂപയായി.

എസ്ബിഐയുടെ അറ്റാദായത്തില്‍ 63-72 ശതമാനം വര്‍ധനവുണ്ടാകുമെന്നായിരുന്നു വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. എസ്ബിഐയുടെ ആസ്തി നിലവാരം തുടര്‍ച്ചയായ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 2022 ലെ മൂന്നാം പാദത്തിലെ 1.2 ട്രില്യണില്‍ നിന്ന് 1.12 ട്രില്യണ്‍ രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ പാദത്തിലെ 34,540 കോടിയില്‍ നിന്ന് 27,966 കോടി രൂപയായി കുറഞ്ഞു.
എസ്ബിഐയുടെ ലോണ്‍ ബുക്ക് 2022 മാര്‍ച്ച് 31 അവസാനത്തോടെ 28.18 ട്രില്യണ്‍ രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 25.39 ട്രില്യണില്‍ നിന്ന് 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. തുടര്‍ച്ചയായി, ക്രെഡിറ്റ് ബുക്ക് 26.64 ട്രില്യണില്‍ നിന്ന് 5.78 ശതമാനം മെച്ചപ്പെട്ടു. ഇതില്‍ റീട്ടെയില്‍ വായ്പകള്‍ വര്‍ഷം തോറും 15.11 ശതമാനം വളര്‍ന്നപ്പോള്‍ കോര്‍പ്പറേറ്റ് വായ്പകള്‍ 6.35 ശതമാനം വര്‍ധിച്ചു.
വിപണിയില്‍ രാവിലെ എസ്ബിഐ ഓഹരി വില ഉയര്‍ന്നുനിന്നെങ്കിലും വ്യാപാരാന്ത്യത്തില്‍ 4.39 ശതമാനം ഇടിഞ്ഞ് 442 രൂപയിലെത്തി.


Tags:    

Similar News