നിങ്ങളുടെ പേടിഎം ആപ്പ് വഴി ഇനി ഐപിഓയില്‍ പങ്കെടുക്കാം; സെബിയുടെ അംഗീകാരം
ഏത് സ്റ്റോക്ക് ബ്രോക്കറിലൂടെയും മൂലധന വിപണികളില്‍ നിക്ഷേപം നടത്താന്‍ പേടിഎം യുപിഐ ഉപയോക്താക്കള്‍ക്ക് സാധിക്കും.
പേടിഎം ആപ്പിന്റെ യുപിഐ വഴി ഇനി ഉപയോക്താക്കള്‍ക്ക് ഐപിഒ അപേക്ഷ സമര്‍പ്പിക്കാം. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പേടിഎമ്മിന് ഇക്കാര്യത്തില്‍ അംഗീകാരം നല്‍കി. ഐ പി ഒയ്ക്കായി വേഗതയേറിയതും തടസ്സമില്ലാത്തതുമായ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു.
അംഗീകാരം ലഭിച്ചതോടെ ഇനി മുതല്‍ ഫോണിലെ പേടിഎം ആപ്പ് തുറന്ന് അതില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള സ്റ്റോക്ക് ബ്രോക്കര്‍മാരിലൂടെ ഓഹരികള്‍ തെരഞ്ഞെടുക്കാം. ഇതിനായി ഉപയോക്താക്കള്‍ നിലവിലെ ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരുമെന്നുമാത്രം.
എല്ലാ യുപിഐ റമിറ്റര്‍ ബാങ്കുകളെയും അപേക്ഷിച്ച് പേടിഎം പേയ്‌മെന്റ് ബാങ്കിന് ഏറ്റവും കുറഞ്ഞ ടെക്‌നിക്കല്‍ ഡിക്ലൈന്‍ നിരക്ക് ആണ് (0.02 ശതമാനം) എന്ന് എന്‍പിസിഐ റിപ്പോര്‍ട്ട് പറയുന്നു. ഇതാണ് അംഗീകാരത്തിന് വഴി വച്ചത്.
എളുപ്പത്തില്‍ സ്റ്റോക്ക് ബ്രോക്കര്‍മാര്‍വഴി മൂലധന വിപണികളില്‍ നിക്ഷേപം നടത്തുക മാത്രമല്ല ഐപിഒയ്ക്ക് അപേക്ഷിക്കാനും ശക്തമായ വെല്‍ത്ത് പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കാനും ഉപയോക്താക്കളെ ഇത് പ്രോത്സാഹിപ്പിക്കുന്നു എന്ന് കമ്പനി പറയുന്നു.
വിപണിയിലെ നിക്ഷേപം ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇത്തരം സജീകരണങ്ങള്‍ക്ക് മികച്ച പിന്തുണയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ളത്.