'ഹ്രസ്വകാല നേട്ടം മാത്രം നോക്കിയാല്‍ പോര'; ഡോ. അനില്‍ ആര്‍ മേനോന്‍
സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന പംക്തിയില്‍ ബിസിനസുകാര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളും ഒഴിവാക്കാനുള്ള വഴികളും പറഞ്ഞു തരുന്നു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ബിസിനസ് കോച്ചുമായ ഡോ.അനില്‍ ആര്‍ മേനോന്‍;
ജീവനക്കാരെ കുറച്ച് ചെലവ് ചുരുക്കാന്‍ ഇത് സുവര്‍ണാവസരമാണോ?
മാന്‍പവര്‍ കോസ്റ്റ് അടക്കം എല്ലാ ചെലവുകളും പുനഃപരിശോധിക്കാന്‍ പറ്റിയ അവസരമാണിത്. പ്രോസസും സിസ്റ്റവും പുനപരിശോധനയ്ക്ക് വിധേയമാക്കി ഒരുപാട് കമ്പനികള്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. കാലങ്ങള്‍ കൊണ്ട് പല ഓര്‍ഗനൈസേഷനിലും ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരും മറ്റും ഉണ്ടായിട്ടുണ്ടാകും. അത് സ്വാഭാവികമാണ്. ഈ പ്രതിസന്ധി, അതെല്ലാം തിരിച്ചറിയാനും അവ വെട്ടിക്കുറയ്ക്കാനും അവസരം നല്‍കുന്നു. ടൂറിസം പോലുള്ള ചില മേഖലകളില്‍, ഉപഭോക്താക്കള്‍ തീരെ കുറഞ്ഞതിനാല്‍ ജീവനക്കാരെ വെട്ടിച്ചുരുക്കല്‍ അനിവാര്യമാണ്.
ബിസിനസുകാര്‍ പൊതുവേ വരുത്തുന്ന അബദ്ധങ്ങള്‍ എന്തൊക്കെയാണ്?
ഇത്തരം വെല്ലുവിളികള്‍ ഏറെയുള്ള ഘട്ടത്തില്‍ ബിസിനസുകാര്‍ ഭയചകിതരാകുന്നത് സ്വാഭാവികം. എന്നാല്‍ അങ്ങനെ പരിഭ്രാന്തരാകാതെ ശാന്തമായ മനസ്സോടെ ഈ പ്രതിസന്ധിഘട്ടത്തെ എങ്ങനെ മറികടക്കാം എന്നാണ് ചിന്തിക്കേണ്ടത്. പരിഭ്രാന്തരായ ബിസിനസുകാര്‍, ഹ്രസ്വകാല നേട്ടം നോക്കി പല ചെലവുകളും വെട്ടിച്ചുരുക്കും. അത് പലപ്പോഴും ദീര്‍ഘകാല ബുദ്ധിമുട്ടിന് വഴിവെയ്ക്കും. ഉദാഹരണത്തിന്, സുപ്രധാന റോള്‍ വഹിക്കുന്ന ഒരു മാനേജരെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയാല്‍ ബിസിനസ് മെച്ചപ്പെടുമ്പോള്‍ അത്തരമൊരു മികച്ച ജീവനക്കാരന്റെ അഭാവം തീര്‍ച്ചയായും പ്രതിഫലിക്കും. അതുകൊണ്ട് ഇപ്പോള്‍ ഹ്രസ്വകാല നേട്ടം നോക്കി എടുക്കുന്ന എന്ത് തീരുമാനത്തിന്റെയും ദീര്‍ഘകാല ഭവിഷ്യത്ത് ചിന്തിക്കുക തന്നെ വേണം.