ചെസ് ടൂറിസത്തിനു കേരളത്തില്‍ വേദി

Update:2020-01-02 13:13 IST

ടൂറിസവുമായി സമന്വയിപ്പിച്ചുള്ള അന്താരാഷ്ട്ര ചെസ്സ് ടൂര്‍ണമെന്റിന് ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെ കേരളം ആതിഥേയത്വം വഹിക്കും. ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയുള്ള യാത്രകള്‍ക്കിടെ വേമ്പനാട്ടു കായലിലെ ഹൗസ് ബോട്ടിലും മല്‍സരം അരങ്ങേറും.

ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, ഓസ്ട്രിയ, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലായി 2013 മുതല്‍ നടന്നുവരുന്ന ചെസ്സ് ട്രെയിന്‍ ടൂര്‍ണമെന്റിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ 'ഓറിയന്റല്‍ ചെസ് മൂവ്‌സ് ട്രസ്റ്റ്' രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം സംരംഭവുമായി രംഗത്തുവരുന്നത്.ഇന്ത്യന്‍ ചെസ് ഒളിമ്പിക് ടീമിലെ മുന്‍ അംഗവും ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ഇന്‍ കറസ്‌പോണ്ടന്‍സ് ചെസ്സുമായ എന്‍ ആര്‍ അനില്‍ കുമാര്‍, ജോ പറപ്പിള്ളി, മുന്‍ അന്താരാഷ്ട്ര താരമായ പി മനോജ്കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നു രൂപം നല്‍കിയ സ്വതന്ത്ര ചെസ്സ് ബോഡിയാണിത്.

ചെസ്സും ടൂറിസവുമായി ബന്ധപ്പെടുത്തി സഞ്ചാരികളെയും താരങ്ങളെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.മൊത്തം സമ്മാനത്തുക 5000 യൂറോ. 10 റൗണ്ട് അണ്‍റേറ്റഡ് സ്വിസ് ടൂര്‍ണമെന്റിലെ ഒരു ഗെയിമിന് 20 മിനിറ്റും അഞ്ച് സെക്കന്‍ഡും സമയ നിയന്ത്രണമുണ്ട്. 600 യൂറോ മുതല്‍ 100 യൂറോ വരെയുള്ള തുക സമ്മാനങ്ങളായി നല്‍കും.

ഭക്ഷണം, യാത്ര, പഞ്ചനക്ഷത്ര റിസോര്‍ട്ടുകളിലെ താമസസൗകര്യം,അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്ര സന്ദര്‍ശനം എന്നിവയുടെയെല്ലാം ചെലവിനത്തില്‍ 949 യൂറോ വിദേശതാരങ്ങളില്‍നിന്ന് ഈടാക്കും.മോഹിനിയാട്ടം,കഥകളി, കളരിപ്പയറ്റ് ആസ്വാദനം തുടങ്ങിയവയും പരിപാടിയുടെ ഭാഗമാണ്.നൂറു പേരെയാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.ആലപ്പുഴയിലെ ഹൗസ്‌ബോട്ടില്‍ 27-ന് ടൂര്‍ണമെന്റ് ആരംഭിക്കും.ഫെബ്രുവരി ഒന്നിന് ചാലക്കുടി ഹെറിറ്റേജ് വില്ലേജിലായിരിക്കും അവസാന മത്സരം. തുടര്‍ന്ന് അതിരപ്പള്ളി യാത്ര.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News