കോള്‍ഡ് ചെയ്ന്‍ പദ്ധതികളില്‍ ഭൂരിഭാഗവും സമുദ്രോല്‍പന്ന മേഖലയില്‍

Update:2019-11-25 18:26 IST

അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നതിനും അഗ്രോ-മറൈന്‍ പ്രോസസിംഗിനും വേണ്ടി കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി പ്രകാരം കേരളത്തിലൊട്ടാകെയായി 8 കോള്‍ഡ് ചെയ്ന്‍ പദ്ധതികളാണ് നടപ്പാക്കപ്പെടുന്നത്. അവയില്‍ ക്ഷീര മേഖല കേന്ദ്രീകരിച്ച് പത്തനംതിട്ടയിലും ഫ്രൂട്ട്‌സ്& വെജിറ്റബിള്‍സ് രംഗത്ത് കോഴിക്കോടുമുള്ള 2 പദ്ധതികള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഫിഷറീസ് രംഗത്ത് കൊച്ചിയിലുള്ള ഒരു പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം 5 കോള്‍ഡ് ചെയ്ന്‍ പദ്ധതികളാണ് ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെയായി നടന്നുവരുന്നത്. അവയില്‍ 4 എണ്ണവും ഫിഷറീസ് മേഖല കേന്ദ്രീകരിച്ചുള്ളതാണെന്ന് മാത്രമല്ല അവയെല്ലാം തന്നെ ആലപ്പുഴ ജില്ലയിലാണ് നടപ്പാക്കപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. ക്ഷീര മേഖല കേന്ദ്രീകരിച്ച് കോഴിക്കോട് നിര്‍മ്മിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോള്‍ഡ് ചെയ്ന്‍ പദ്ധതി മാത്രമാണ് ഇതര മേഖലയില്‍ നിന്നുള്ളത്.

ഭക്ഷ്യസംസ്‌ക്കരണത്തിന് പ്രോല്‍സാഹനമേകും

ഭക്ഷ്യസംസ്‌ക്കരണ മേഖലയില്‍ മുന്നേറ്റമുണ്ടാക്കുന്നതിനും കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനും ഉല്‍പാദന രംഗത്തെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാര്‍ഷികോല്‍പന്നങ്ങള്‍ പാഴായിപ്പോകുന്നത് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്റഗ്രേറ്റഡ് കോള്‍ഡ് ചെയ്ന്‍ ആന്റ് വാല്യൂ അഡിഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജമാക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരിക്കുന്നത്. 2011 മുതല്‍ ഇന്നേവരെ ഈ പദ്ധതിയിലൂടെ 231 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. അതില്‍ 180.81 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോള്‍ വിവിധ ഘട്ടങ്ങളിലായി നടന്നുവരുന്നത്. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ 19ഉം ആന്ധ്രയില്‍ 20ഉം ഉത്തര്‍പ്രദേശില്‍ 22ഉം കോള്‍ഡ് ചെയ്ന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളാണ് കേന്ദ്രത്തിന്റെ പിന്തുണയോടെ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കപ്പെടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News