കേരളത്തില്‍ ജില്ലകള്‍ ഭാഗികമായും പൂര്‍ണമായും അടച്ചിടുന്ന സാഹചര്യത്തില്‍ ലോറിയിലുള്ള ചരക്കു നീക്കം കുറഞ്ഞു വരികയാണ്. ലോറി ഡ്രൈവര്‍മാരില്‍ പലരും കൊറോണ ഭീതിയില്‍ ജോലിക്ക് എത്താന്‍ മടിക്കുന്നത് ഇതിന് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഗുഡ്‌സ് ട്രെയ്ന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി എത്തുകയാണ് ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍.
രാജ്യത്തെ പാസഞ്ചര്‍ ട്രെയ്‌നുകള്‍ ഓട്ടം നിര്‍ത്തിയതോടെ റെയ്ല്‍വേ ട്രാക്കുകളിലെ തിരക്ക് ഒഴിഞ്ഞിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി കുറഞ്ഞ സമയം കൊണ്ട് ചരക്ക് തീവണ്ടികള്‍ക്ക് എത്താനാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഷെവ. സി ഇ ചാക്കുണ്ണി പറയുന്നു.
തമിഴ്‌നാട് ആവശ്യമായ കുടിവെള്ളം എത്തിക്കാന്‍ ആന്ധ്രാ പ്രദേശിലെ കൃഷ്ണനഗറില്‍ നിന്നും മറ്റും ഗുഡ്‌സ് ട്രെയ്‌നിനെയാണ് ആശ്രയിച്ചതെന്ന് അദ്ദേഹം പറയുന്നു. അരി, പഞ്ചസാര പോലെയുള്ള നിത്യോപയോഗ സാധനങ്ങളും മരുന്നുകളും ഇങ്ങനെ എത്തിക്കാനാകും. സ്വകാര്യ മേഖലയിലെ വെയര്‍ ഹൗസുകള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ ഇത് സ്റ്റോക്ക് ചെയ്യാനും പ്രയാസമുണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചപ്പോള്‍ അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും ചാക്കുണ്ണി പറയുന്നു.
അതേസമയം റേഷന്‍ ഷോപ്പ്, മാവേലി സ്റ്റോര്‍ പീപ്പ്ള്‍ ബസാര്‍ എന്നിവ വഴി നല്‍കാനുള്ള അരി മുന്‍കൂറായി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതുകൊണ്ട് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടില്ലെന്നും സാധനങ്ങള്‍ കിട്ടാതെ വരുമോ എന്ന ഭീതിയില്‍ കൂടുതലായി വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline