കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നം: കളക്ടറുടെ നേതൃത്വത്തിലാകണം നടപടികളെന്ന് ഹൈക്കോടതി
കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭയ്ക്ക് കഴിയില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി രൂപീകരിക്കട്ടെയെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷനെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കിയതിനെത്തുടര്‍ന്നുണ്ടായ ഈ നിര്‍ദ്ദേശം അംഗീകരിക്കുന്നുവെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
പ്രശ്‌നത്തില്‍ നഗരസഭ ഇന്ന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി. അതിശക്ത മഴയാണ് വെള്ളക്കെട്ടിന് കാരണമെന്ന് കോര്‍പ്പറേഷന്‍ വാദിച്ചപ്പോള്‍ മഴയാണ് കാരണമെങ്കില്‍ തെളിവ് എവിടെയെന്നും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ കോര്‍പ്പറേഷന് സാധിക്കുമോയെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ കോടതി പ്രശംസിച്ചു. ദൗത്യത്തിലേര്‍പ്പെട്ട കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ജീവനക്കാര്‍ എന്നിവരെയും അഭിനന്ദിച്ചു.
കോര്‍പ്പറേഷന് ഒറ്റയ്ക്ക് കാര്യങ്ങള്‍ നടത്താന്‍ ആവില്ല എന്ന് സമ്മതിച്ചത് തന്നെ ഒരു വലിയ കാര്യം ആണെന്നു കോടതി പറഞ്ഞു. ഇപ്പോള്‍ എങ്കിലും സത്യം തുറന്ന് പറഞ്ഞല്ലോ എന്നായിരുന്നു കോടതിയുടെ പരിഹാസം. വേലിയേറ്റവും വെള്ളക്കെട്ടിന് കാരണമായെന്നും കോര്‍പ്പറേഷന്‍ കോടതിയില്‍ അറിയിക്കുകയുണ്ടായി.
വെള്ളക്കെട്ട് 4 മണിക്കൂര്‍ കൊണ്ട് ഓപ്പറേഷന്‍ ബ്രേക് ത്രൂ നടപ്പാക്കിയപ്പോള്‍ പരിഹരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കില്‍ നഗരത്തിന്റെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ചോദിച്ചു. 4 മണിക്ക് കോര്‍പ്പറേഷനോട് പറഞ്ഞിട്ടും അവര്‍ 8 മണി ആയിട്ടും ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി. പ്രശ്‌നത്തിന് ഉടനെ പരിഹാരമുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline