പ്രളയം: ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സുഗമമാക്കുമെന്ന് ഐആര്‍ഡിഎ

Update:2019-08-13 13:04 IST

പ്രളയത്തിലുള്‍പ്പെട്ട ഇരകളുടെ നഷ്ട പരിഹാര ക്ലെയിമുകള്‍ സങ്കീര്‍ണ്ണതകളില്ലാതെ പരമാവധി സുഗമമാക്കാന്‍ ഉദ്ദേശിച്ച് എല്ലാ പൊതു ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഇന്‍ഷുര്‍ ചെയ്തിട്ടുള്ളവരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് ഇന്‍ഷുറന്‍സ് വ്യവസായം അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഐആര്‍ഡിഎ അഭിപ്രായപ്പെട്ടു. യോഗ്യതയുള്ള ക്ലെയിമുകള്‍ ഉടനടി രജിസ്റ്റര്‍ ചെയ്യുന്നതിനും തീര്‍പ്പാക്കുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്ലെയിമുകളുടെ അതിവേഗ രജിസ്റ്റ്രേഷനും തീര്‍പ്പാക്കലും സാധ്യമാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തില്‍ ഓരോ കമ്പനിയും മുതിര്‍ന്ന ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയോഗിക്കണം. യോഗ്യതയുള്ള എല്ലാ ക്ലെയിമുകളും സ്വീകരിക്കുന്നതിന്റെയും പ്രോസസ്സിംഗ്, സെറ്റില്‍മെന്റ് എന്നിവ ഏകോപിപ്പിക്കുന്നതിന്റെയും ഉത്തരവാദിത്തം നോഡല്‍ ഓഫീസര്‍ വഹിക്കും. വേഗതയേറിയ ക്ലെയിമുകള്‍ക്കായി, ഇരകള്‍ക്ക് നോഡല്‍ ഓഫീസറെ നേരില്‍ സമീപിക്കാവുന്നതാണ്.

മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതിന്റെ പേരില്‍ മരണ ക്‌ളെയിം നിഷേധിക്കപ്പെടാന്‍ ഇടയാകരുത്. നേരത്തെ ജമ്മു കശ്മീര്‍, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ പ്രളയമുണ്ടായപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടിക്രമങ്ങളാണ് പിന്തുടരേണ്ടത്.

ശരിയായ രേഖകള്‍ നിലവിലില്ലെങ്കിലും, ദുരന്ത വിവരങ്ങള്‍ പോളിസി ഹോള്‍ഡര്‍മാരും കുടുംബാംഗങ്ങളും ഉടനടി ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിക്കണം. ക്ലെയിം രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇതിനുവേണ്ടി ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് ഓഫീസിനെ ബന്ധപ്പെടാം. അല്ലെങ്കില്‍ കസ്റ്റമര്‍ കെയര്‍ കോള്‍ സെന്ററില്‍ ക്ലെയിം രജിസ്റ്റര്‍ ചെയ്യാം.  ഇന്‍ഷുറര്‍മാരുമായി ബന്ധപ്പെട്ടാല്‍ സര്‍വേയിംഗ് വേഗത്തില്‍ നടത്തിത്തരും. ക്ലെയിമുകളുടെ സര്‍വേ ഉടന്‍ നടത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഐആര്‍ഡിഎ അറിയിച്ചു.

Similar News