കല്യാണ്‍ ജ്യുവലേഴ്‌സിന്റെ അറ്റാദായം 93 ശതമാനം വര്‍ധിച്ച് 432 കോടി രൂപയായി

സംയോജിത വരുമാനം 30 ശതമാനം ഉയര്‍ന്നു, 50 പൈസ ഡിവിഡന്റിന് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു

Update:2023-05-15 20:48 IST

കേരളം ആസ്ഥാനമായ കല്യാണ്‍ ജ്യുവലേഴ്‌സിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 93 ശതമാനം വര്‍ധിച്ച് 432 കോടി രൂപയായി. മുന്‍ വര്‍ഷം സമാന കാലയളവിലിത് 224 കോടി രൂപ രൂപയായിരുന്നു.

നികുതിക്കും പലിശയ്ക്കും മുമ്പുള്ള സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 10,818 കോടി രൂപയില്‍ നിന്ന് 14,071 കോടി രൂപയായി ഉയര്‍ന്നു. 30 ശതമാനമാണ് വളര്‍ച്ച. 10 രൂപ മുഖ വിലയുള്ള ഓഹരിക്ക് 50 പൈസ വീതം ലാഭവീതത്തിന് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മികച്ച വളര്‍ച്ച നേടാനായെന്നും ആദ്യമായി ഓഹരിയുടമകള്‍ക്ക് ലാഭവീതം പ്രഖ്യാപിക്കുകയാണെന്നും കല്യാണ്‍ ജ്യുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നല്ല തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 സാമ്പത്തിക വര്‍ഷത്തിന്റെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 69.8 കോടി രൂപയുടെ ലാഭം നേടി. മുന്‍ വര്‍ഷത്തെ സമാനകാലയളവിലിത് 72കോടി രൂപയായിരുന്നു. മൂന്നു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിലിത് 148.4 കോടി രൂപയായിരുന്നു. 53 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

കമ്പനിയുടെ രണ്ട് എയര്‍ക്രാഫ്റ്റുകളുടെ മൂല്യം 33 കോടി രൂപയായി കുറച്ചത് നാലാം പാദത്തിലെ ലാഭക്ഷമതയെ ബാധിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ പലിശ, നികുതി തുടങ്ങിയവയ്ക്ക് മുന്‍പുള്ള പ്രവര്‍ത്തന ലാഭം (EBITDA) 18 ശതമാനം ഉയര്‍ന്ന് 256.7 കോടി രൂപയായി. മുന്‍ വര്‍ഷമിത് 218.4 കോടി രൂപയായിരുന്നു. ലാഭ മാര്‍ജിന്‍ (EBITDA Margin) 7.6 ശതമാനമായി തുടരുന്നു.

കമ്പനിയുടെ നാലാം പാദത്തിലെ സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 2,857 കോടി രൂപയില്‍ നിന്ന് 18.4 ശതമാനം ഉയര്‍ന്ന് 3,381.8 കോടി രൂപയായി. തൊട്ടു മുന്‍ പാദത്തിലിത് 3884.1 കോടി രൂപയായിരുന്നു. 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ് വരുമാനം

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള മൊത്ത വരുമാനം നാലാം പാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തിലെ 425 കോടി രൂപയില്‍ നിന്നും 29 ശതമാനം വളര്‍ച്ചയോടെ 549 കോടി രൂപയായി.

നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള മിഡില്‍ ഈസ്റ്റിലെ വരുമാനം(EBITDA) 42 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 33 കോടി രൂപയായിരുന്നു. 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ഇ-കൊമേഴ്‌സ് ഡിവിഷന്റെ വരുമാനം മുന്‍ വര്‍ഷത്തെ സമാനകാലയളവിലെ 39 കോടി രൂപയില്‍ നിന്നും 32 കോടി രൂപയായി കുറഞ്ഞു. നഷ്ടം ഇക്കാലയളവില്‍ 2.7 കോടി രൂപയില്‍ നിന്നും 1.9 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് ഇന്ന് കല്യാണ്‍ ജ്യുവലേഴ്‌സിന്റെ ഓഹരി വില 2.53 ശതമാനം ഇടിഞ്ഞ് 105.90 രൂപയിലെത്തിയിരുന്നു.

Tags:    

Similar News