കല്യാണ്‍ ജുവലേഴ്‌സിന്റെ ലാഭത്തിലും വരുമാനത്തിലും വന്‍ വര്‍ധന, പക്ഷെ ഓഹരികള്‍ ഇടിവില്‍; കാരണം ഇതാണ്
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 230 ശതമാനത്തിനുമുകളില്‍
തൃശൂര്‍ ആസഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സ് 2024-25 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 178 കോടി രൂപയുടെ ലാഭം നേടി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 144 കോടിയെ അപേക്ഷിച്ച് 24 ശതമാനമാണ് വര്‍ധന. വിറ്റുവരവ് ഇക്കാലയളവില്‍ 27 ശതമാനം വളര്‍ച്ചയോടെ 5,535 കോടി രൂപയിലെത്തി.
ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 29 ശതമാനം ഉയര്‍ന്ന് 4,687.5 കോടി രൂപയായി. ഇതേ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള ലാഭം മുന്‍ വര്‍ഷത്തെ സമാന കാലയളവിലെ 129 കോടി രൂപയില്‍ നിന്ന് 28 ശതമാനം വളര്‍ച്ചയോടെ 165 കോടി രൂപയിലെത്തി.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വരുമാനം ജൂണ്‍ പാദത്തില്‍ 700 കോടി രൂപയില്‍ നിന്ന് 811 കോടി രൂപയായി. ഗള്‍ഫില്‍ നിന്നുള്ള ലാഭം 19 കോടി രൂപയാണ്.
കല്യാണിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ വരുമാനം ഒന്നാം പാദത്തില്‍ 39 കോടി രൂപയായി.
200 ഫോക്കോ ഷോറൂമുകള്‍
നിലവില്‍ കല്യാണിന് രാജ്യത്ത് 241 ഷോറൂമുകളും ഗള്‍ഫില്‍ 31 ഷോറൂമുകളും കൂടാതെ 1,011 മൈ കല്യാൺ സ്‌റ്റോറുകളുമുണ്ട്. ഫ്രാഞ്ചൈസ് മോഡല്‍ (FOCO) കൂടുതല്‍ വ്യാപിപ്പിച്ചുകൊണ്ട് വളര്‍ച്ച നേടാനാണ് കല്യാണ്‍ ലക്ഷ്യമിടുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിലാണ് ആദ്യ ഫ്രാഞ്ചൈസ് ഷോറൂം തുറക്കുന്നത്. നിലവില്‍ രാജ്യത്ത് 90 കല്യാണ്‍ ഷോറൂമുകളും 18 കാന്‍ഡിയര്‍ ഷോറൂമുകളും കൂടാതെ മിഡില്‍ ഈസ്റ്റില്‍ ഒരു കല്യാണ്‍ ഷോറൂമുമുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് 200ലധികം ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷം 80 പുതിയ ഫോക്കോ കല്യാണ്‍ ഷോറൂമുകള്‍ തുറക്കും. ഫോക്കോ മോഡലില്‍
ഓഹരി ചാഞ്ചാട്ടത്തില്‍
ഇന്നലെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ച ശേഷമാണ് കല്യാണ്‍ ജുവലേഴ്‌സ് ഒന്നാം പാദഫല റിപ്പോര്‍ട്ട് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഓഹരി വില ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 582 രൂപ വരെയെത്തിയെങ്കിലും പിന്നീട് ഇടിയുകയായിരുന്നു. ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പുണ്ടായതും മൊത്തത്തില്‍ വിപണികളില്‍ ഇടിവുണ്ടായതുമാണ് കല്യാണ്‍ ഓഹരികളിലും പ്രതിഫലിച്ചതെന്നാണ് കരുതുന്നത്. നിലവില്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 558.50 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 54 ശതമാനം നേട്ടമാണ് ഓഹരി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 230 ശതമാനത്തിലധികവും.