മൂലധന സമാഹരണത്തിന് ഒരുങ്ങി ഈ കേരള കമ്പനി, ഓഹരി അപ്പര്‍ സര്‍കീട്ടില്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി നല്‍കിയത് 49 ശതമാനത്തോളം നേട്ടം

Update: 2023-11-20 08:16 GMT

കേരളം ആസ്ഥാനമായ പ്രമുഖ മത്സ്യക്കൃഷി, സമുദ്രോത്പന്ന കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സിന്റെ ഓഹരികള്‍ ഇന്ന് 5 ശതമാനം അപ്പര്‍ സര്‍കീട്ടില്‍. പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി മൂലധന സമാഹരണത്തിനൊരുങ്ങുന്നതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കിയതാണ് ഓഹരി വിലയെ ഉയര്‍ത്തിയത്.

നിലവില്‍ 140.20 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി 49 ശതമാനത്തോളം ഉയര്‍ച്ച നേടി. 329.64 കോടി രൂപ വിപണി മൂല്യമുള്ള (Market Cap) കമ്പനിയാണ് കിംഗ്‌സ് ഇന്‍ഫ്ര.
പുതു ഓഹരികളിറക്കി (Fresh Shares) പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റിലൂടെ മൂലധനം സമാഹരിക്കാനുള്ള അനുമതി തേടാനായി നവംബര്‍ 27ന് കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ യോഗം വിളിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ അനുമതി ലഭിച്ചശേഷം സമാഹരണ തുക തീരുമാനിക്കും. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും വന്‍കിട നിക്ഷേപകരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് ഓഹരി വില്‍ക്കുന്നതിനെയാണ് പ്രൈവറ്റ് പ്ലേസ്‌മെന്റ് എന്നു പറയുന്നത്.

ശേഷി വര്‍ധിപ്പിക്കാന്‍

യു.എസിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകള്‍ക്കായി തമിഴ്‌നാട് തൂത്തുക്കുടിയിലെ ഫാക്ടറിയുടെ സംസ്‌കരണ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. സമാഹരിക്കുന്ന തുകയുടെ നിശ്ചിതഭാഗം ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും
ആന്ധ്രയിലെ നെല്ലൂരില്‍ ഐ.ക്യു.എഫ് ലൈസന്‍സുള്ള ഫാക്ടറി കമ്പനി വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഇവിടെ മെര്‍ച്ചന്റ് എക്‌സ്‌പോര്‍ട്ടറായി പ്രവേശിക്കുന്നതിനുള്ള അനുമതിയും ഡയറക്ടര്‍മാരുടെ യോഗത്തില്‍  തേടും. യു.എസിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകള്‍ നടപ്പാക്കാന്‍ വേണ്ടിയാണിത്. കൂടാതെ യു.എസില്‍ കസ്റ്റംസ് ക്ലിയറിംഗ് ഏജന്റിനെ നിയമിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
കയറ്റുമതി കരാര്‍
കഴിഞ്ഞ സെപ്റ്റംബറിലാണ് യു.എസിലെ മുന്‍നിര ഇറക്കുമതി കമ്പനിയായ ഓഷ്യന്‍ വേള്‍ഡ് വെഞ്ച്വേഴ്‌സിനു കീഴിലുള്ള ജെ.എച്ച് ആന്‍ഡ് കമ്പനിയുമായി വനാമി ചെമ്മീനുകള്‍ കയറ്റുമതി നടത്താന്‍ കമ്പനി കരാര്‍ ഒപ്പുവച്ചത്. ആദ്യ ഘട്ടത്തില്‍ പ്രതിമാസം 5-8 കണ്ടെയ്‌നര്‍ ചെമ്മീനുകളാണ് കയറ്റുമതി ചെയ്യുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇത് 100 കണ്ടെയ്‌നര്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യം.
യു.എസിലേക്കുള്ള കയറ്റുമതി ആരംഭിക്കുന്നതോടെ കമ്പനിയുടെ ശേഷി വിനിയോഗം 30 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി മെച്ചപ്പെടും.
മറ്റ് വിദേശ വിപണികളിലും
ചൈനീസ് വിപണിക്കായി ഷാങ്ഹായിലെ ആര്‍.എസ്.എഫുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത കിംഗ്‌സ് റിഷിഫു ബ്രാന്‍ഡിനു കീഴിലുള്ള ഉത്പാദനവും കയറ്റുമതിയും നടക്കുന്നു. യു.എസ് കൂടാതെ യൂറോപ്പ്, വിയറ്റ്‌നാം, ഗള്‍ഫ് രാജ്യങ്ങള്‍, തായ്‌ലന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും കിംഗ്‌സ് ഇന്‍ഫ്രയുടെ സമുദ്രോത്പന്നങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡുണ്ട്.
ലാഭവും വരുമാനവും
നടപ്പു സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലമാണ് കമ്പനി പുറത്തു വിട്ടത്. വരുമാനം മുന്‍ വര്‍ഷത്തിലെ സമാനപാദത്തിലെ 14.14 കോടി രൂപയില്‍ നിന്ന് 50.1 ശതമാനം വര്‍ധിച്ച് 21.23 കോടി രൂപയായി. ഇക്കാലയളവില്‍ കമ്പനിയുടെ ലാഭം  മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1.21 കോടിയില്‍ നിന്ന് 76 ശതമാനം ഉയര്‍ന്ന് 2.15 കോടിയുമായി.
Tags:    

Similar News