സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും; കരകയറാന്‍ മാര്‍ഗം നോക്കി ബിസിനസുകള്‍

Update:2020-04-24 20:31 IST

സംസ്ഥാനത്ത് ഏപ്രില്‍ 24 ന് മൂന്ന് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും കാസര്‍കോട് സ്വദേശികളാണ്. സമ്പര്‍ക്കം വഴിയാണ് രോഗബാധയെന്നാണ് വിലയിരുത്തല്‍. അതേസമയം കാസര്‍കോട് അഞ്ചുപേരടക്കം 15 പേര്‍ക്കുകൂടി രോഗമുക്തിയുണ്ടായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,725 ആയി കുറഞ്ഞു. എന്നിരുന്നാലും നിയന്ത്രണങ്ങള്‍ തുടരുമെന്നതാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ റെഡ്, ഓറഞ്ച് സോണുകള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ തന്നെ എല്ലാമേഖലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ ആണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

ഗ്രീന്‍ സോണില്‍ ആയിരുന്ന കോട്ടയം, ഇടുക്കി ജില്ലകള്‍ ഏപ്രില്‍ 23 നാണ് ഓറഞ്ച് സോണിലായത്. 10 ജില്ലകള്‍ ഓറഞ്ച് സോണില്‍ ഉണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണായി തുടരും. റെഡ് സോണുകളില്‍ കര്‍ശനനിയന്ത്രണം തുടരും. സംസ്ഥാനത്ത് കോവിഡ് മൂന്നാംഘട്ട വ്യാപനത്തിലേക്ക് കടന്നില്ല എങ്കിലും കര്‍ശന നിര്‍ദേശങ്ങളാണ് വിവിധ വകുപ്പുകളും നല്‍കുന്നത്.

ചരക്കു നീക്കം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനിയും വൈകുമെന്നതിനാല്‍ സംസ്ഥാനത്തേക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്താന്‍ സമയമെടുക്കും. ഉല്‍പ്പാദനം തുടരുന്ന മെഡിക്കല്‍ എക്യുപ്‌മെന്റ് മേഖലയിലെ കേരളത്തിലെ വിവിധ സംരംഭങ്ങള്‍ക്ക് വേണ്ടത്ര അസംസ്‌കൃത വസ്തുക്കളില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ തുടരുന്നത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ കയറ്റിറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കു മാത്രമല്ല, മറ്റ് ചരക്കു വാഹനങ്ങള്‍ക്കുംകടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്. ആളുകള്‍ അടിയന്തരാവശ്യത്തിനല്ലാതെ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയും. ഹോട്‌സ്‌പോട്ടുകളായി നിശ്ചയിച്ച പഞ്ചായത്തുകള്‍ ആകെ അടച്ചിടാനും തീരുമാനമുണ്ട്.

ഡിജിറ്റല്‍ സേവനങ്ങള്‍ എത്തിക്കാന്‍ കഴിയാത്ത, തീര്‍ത്തും ഉല്‍പ്പാദനത്തില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചു കൊണ്ടുള്ള സംരംഭങ്ങള്‍ എങ്ങനെ മുന്നോട്ടു പോകുമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ കേരളം. എല്ലാത്തരത്തിലുള്ള സാമൂഹിക അകലവും പാലിച്ച് കൊണ്ടുള്ള ഉല്‍പ്പാദനത്തിന് സംരംഭങ്ങള്‍ സജ്ജമായാല്‍ തന്നെ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ അസംസ്‌കൃത വസ്തുക്കളഉടെ നീക്കത്തെ ബാധിക്കും.

എംഎസ്എംഇ മേഖലയിലുള്ളവര്‍ പലരും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാനാകാതെ കഷ്ടപ്പെട്ടു മുന്നോട്ടു പോകുന്ന അവസ്ഥയിലാണ് കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണും. സംരംഭകര്‍ക്ക് കൂടെ പിന്തുണ നല്‍കുന്ന തീരുമാനമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുവാനല്ല. പകരം ബിസിനസുകാരെ പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടെ വരും ദിനങ്ങളില്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ വിവിധ സംരംഭങ്ങള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News