കേരളത്തിലെ കടല്‍മീന്‍ ലഭ്യത ഉയര്‍ന്നു: മത്തിക്ക് വീണ്ടും പ്രതാപകാലം
2021 ല്‍ വെറും 3279 ടണ്‍ ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1.10 ലക്ഷം ടണ്‍ മത്തി;
കേരളത്തിലെ സമുദ്രമത്സ്യ ലഭ്യത 24 ശതമാനം വര്‍ധിച്ചതായി സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ.) റിപ്പോര്‍ട്ട്. 2022 ല്‍ 6.87 ലക്ഷം ടണ്‍ മത്സ്യമാണ് കടലില്‍ നിന്ന് ലഭിച്ചത്. തൊട്ടു മുന്‍വര്‍ഷമിത് 5.55 ടണ്ണായിരുന്നു. കോവിഡ് കാരണം മീന്‍പിടിത്തം കുറഞ്ഞ 2020-ല്‍ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. കേരളത്തില്‍ 35 ശതമാനം മത്സബന്ധനവും നടന്നത് ഒക്ടോബര്‍- ഡിസംബര്‍ ത്രൈമാസത്തിലാണ്. കുറവ് ഏപ്രില്‍-ജൂണ്‍ കാലയളവിലും. 16 ശതമാനം.
രാജ്യത്തെ മൊത്തം സമുദ്രമത്സ്യ ലഭ്യത ഇക്കാലയളവില്‍ 34.9 ലക്ഷം ടണ്‍ ആണ്. 2021 നെ അപേക്ഷിച്ച് 14.53 ശതമാനത്തിന്റെ വര്‍ധന. കോവിഡ് ബാധിച്ച 2020 കാലയളവുമായി നോക്കുമ്പോള്‍ 28 ശതമാനം വര്‍ധനയുമുണ്ട്. സി.എം.എഫ്.ആര്‍.ഐ പുറത്തു വിട്ട റിപ്പോര്‍ട്ടനുസരിച്ച് 7.22 ലക്ഷം ടണ്‍ മത്സ്യവുമായി തമിഴ്‌നാടാണ് ലഭ്യതയില്‍ മുന്നില്‍. മുന്‍വര്‍ഷത്തേക്കാള്‍ 20.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ ലഭിച്ചത് 6.95 ലക്ഷം ടണ്‍ മത്സ്യമാണ്. തൊട്ടു പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം.
മത്തിയുടെ ലഭ്യത ഉയര്‍ന്നതാണ് കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ മാറ്റം. 2021 ല്‍ വെറും 3279 ടണ്‍ ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 1.10 ലക്ഷം ടണ്‍ മത്തി കേരള തീരത്തു നിന്ന് ലഭിച്ചു. ഈ വര്‍ഷം പകുതിയോടെയാണ് മത്തി കേരളതീരത്ത് കൂടുതലായി എത്തിത്തുടങ്ങിയത്.