രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് നാളെ പ്രധാനമന്ത്രി കല്ലിടും; 1,515 കോടി രൂപയാണ് മുതല്‍ മുടക്ക്

സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്

Update:2023-04-24 22:54 IST

രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് പധാനമന്ത്രി നാളെ തിരുവനന്തപുരത്ത് തറക്കല്ലിടും. പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ നിര്‍മിക്കുന്ന സയന്‍സ് പാര്‍ക്ക് ടെക്‌നോപാര്‍ക്ക് നാലാം ഘട്ടത്തിന്റെ ഭാഗമാണ്.

പദ്ധതി വിഹിതം 1515 കോടി രൂപ

കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് വരുന്നത്. മൊത്തം പദ്ധതി വിഹിതം 1515 കോടിരൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. വ്യവസായ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്ന് ബാക്കി തുക കണ്ടെത്തും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പാര്‍ക്ക് പ്രവര്‍ത്തന സജ്ജമാകും.

ഒന്നരലക്ഷം ചതുരശ്രയടിയില്‍ പാര്‍ക്കിന്റെ ആദ്യകെട്ടിടത്തില്‍ റിസര്‍ച്ച് ലാബുകളും ഡിജിറ്റല്‍ ഇന്‍കുബേറ്ററും ഉള്‍പ്പെടെ അഞ്ച് നിലയും ഹൗസിങ് സെന്റര്‍ ഓഫ് എക്സലന്‍സും പ്രവര്‍ത്തിക്കും. രണ്ടാമത്തെ കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെന്റര്‍, ഡിജിറ്റല്‍ എക്സ്പിരിയന്‍സ് സെന്റര്‍ എന്നിവയായിരിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രയോജനം

മള്‍ട്ടി ഡിസിപ്ലിനറി ക്ലസ്റ്റര്‍ അധിഷ്ഠിത ഇന്ററാക്ടീവ്-ഇന്നൊവേഷന്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ചാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വ്യവസായ-ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍, സുസ്ഥിര-സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും സൗകര്യമൊരുക്കും.

Tags:    

Similar News