ശബരിമല വിമാനത്താവള പദ്ധതി; സവിശേഷ നേട്ടത്തിലേക്ക് കേരളം
അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമെന്ന പദവി കേരളത്തിന് സ്വന്തമാകും
കോട്ടയം എരുമേലിയിലെ നിര്‍ദ്ദിഷ്ട ശബരിമല ഗ്രീന്‍ ഫീല്‍ഡ് രാജ്യാന്തര വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണ്.
നീളം കൂടിയ റണ്‍വേ
2500 ഏക്കര്‍ സ്ഥലത്താണ് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കുന്നത്. പൊതു -സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി ഏറ്റെടുക്കാനാണ് കെ.എസ്.ഐ.ഡി.സിയുടെ ലക്ഷ്യം. 4000 കോടി രൂപയാണ് വിമാനത്താവള വികസനത്തിന് മൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ റണ്‍വേയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 3.50 കിലോമീറ്ററാണ് നീളം. ഇതിനായി 307 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ വിജ്ഞാപനമായിട്ടുണ്ട്.
മധ്യതിരുവിതാംകൂറിന്റെ മുഖച്ഛായ മാറ്റും
വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല മധ്യ തിരുവിതാംകൂറിന്റെ വികസന രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്. എരുമേലിക്ക് സമീപത്തെ ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്താണ് വിമാനത്താവളം നിര്‍മിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ സമ്പദ്ഘടനയ്ക്ക് വിമാനത്താവളത്തിന്റെ വരവ് കുതിപ്പു പകരും.
കണക്ടിവിറ്റി കൂടും
പത്തംനംതിട്ടയിലേക്ക് 27 കിലോമീറ്ററും കോട്ടയത്തേക്ക് 40 കിലോമീറ്ററും ശബരിമലയിലേക്ക് 51 കിലോമീറ്ററും തിരുവനന്തപുരത്തേക്ക് 145 കിലോമീറ്ററും കോഴിക്കോടേക്ക് 300 കിലോമീറ്ററും എറണാകുളത്തേക്ക് 114 കിലോമീറ്ററുമാണ് ദൂരം. തീര്‍ത്ഥാടന ടൂറിസത്തിനൊപ്പം സുഗന്ധവ്യഞ്ജന കയറ്റുമതിക്കും വിമാനത്താവളത്തിന്റെ വരവ് വഴിയൊരുക്കും.
നെടുമ്പാശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളമായാണ് ചെറുവള്ളി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് എത്തിച്ചേരാന്‍ വിമാനത്താവളം പ്രയോജനകരമാകും.
ഇനിയുള്ള കടമ്പകള്‍
പാരിസ്ഥിതക പഠനം നടന്നു വരികയാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ വിശദപദ്ധതി റിപ്പോര്‍ട്ട്(ഡി.പി.ആര്‍) തയ്യാറാക്കും. അതിനു ശേഷം സിയാല്‍, കിയാല്‍ എന്നിവയുടെ മാതൃകയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് നിക്ഷേപ സമാഹരണം നടത്തും. പിന്നീട് ടെന്‍ഡര്‍ വിളിച്ച് നിര്‍മാണം തുടങ്ങാനാകും.