മത്തിയുടെ ലഭ്യത അതിവേഗം കുറയുന്നു; 'സെലക്റ്റീവ് ഫിഷിംഗ്' വേണം-വിദഗ്ദ്ധ

Update:2019-08-07 17:26 IST

ഇപ്പോഴത്തെ നിലയില്‍ മത്തിയുടെ ലഭ്യത കുറഞ്ഞുവരുന്ന പക്ഷം ഇവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വിദഗ്ദ്ധര്‍. മത്തി കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ കാരണങ്ങള്‍ തേടി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

എല്‍നിനോ, പ്രജനനത്തിലെ താളപ്പിഴ, വളര്‍ച്ചാ മുരടിപ്പ്, അമിത മത്സ്യബന്ധനം എന്നിവ മൂലം മുന്‍ കാലങ്ങളെ അപേക്ഷിച്ച് മത്തിയുടെ ലഭ്യതയില്‍ 54 ശതമാനത്തിന്റെ കുറവ്് കഴിഞ്ഞ വര്‍ഷമുണ്ടായി. മത്തി തീര്‍ത്തും ലഭിക്കാതാകുമെന്ന ആശങ്ക ചില വിദഗ്ധര്‍ക്കുണ്ട്. അതേസമയം, കാലാവസ്ഥ അനുകൂലമായാല്‍  ലഭ്യത കൂടുമെന്നും ചിലര്‍ പറഞ്ഞു.

തമിഴ്‌നാട് മുതല്‍ ഗുജറാത്ത് വരെയുള്ള തീരക്കടലിലാണ് മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്. ഇതിനുള്ള സാധ്യതകള്‍ പഠിക്കുന്നതിനായി സര്‍ക്കാരിന് കത്ത് നല്‍കാന്‍ തീരുമാനമായി.

സിഎംഎഫ്ആഐ,നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി, സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിലവില്‍ പത്തു സെന്റീമീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള മീനുകളെയാണ് കടലില്‍ നിന്നു പിടിക്കാന്‍ അനുവാദമുള്ളത്. 'സെലക്റ്റീവ് ഫിഷിംഗ് 'നിബന്ധന പതിനഞ്ചു സെന്റീമീറ്ററാക്കി ഉയര്‍ത്തണമെന്ന അഭിപ്രായമുയര്‍ന്നു.

Similar News