- കണ്ണൂര്‍ വിമാനത്താവള വികസനം: 2,000 കോടി കൂടി സമാഹരിക്കുന്നു
റണ്‍വേയുടെ നീളം വര്‍ധിപ്പിക്കുക, പ്രതിരോധസേനകള്‍ക്കായി മാറ്റിവെച്ച ഭൂമിയുടെ വികസനം, ഏപ്രണ്‍ വികസനം തുടങ്ങിയ വികസനപദ്ധതികള്‍ക്കായി 2,000 കോടി രൂപ കൂടി സമാഹരിക്കാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. ഇതോടെ മൂലധനം 3500 കോടി രൂപയിലേക്ക് ഉയരും. ഇതിനായി 100 രൂപ മുഖവിലയുള്ള 20 കോടി ഓഹരികളാണ് പുറത്തിറക്കുന്നത്. എന്നാല്‍ വിമാനത്താവളം തുടങ്ങിയ സാഹചര്യത്തില്‍ മുഖവിലയെക്കാള്‍ കൂടുതല്‍ വില നിക്ഷേപകര്‍ നല്‍കേണ്ടി വരും.
2.2020 മുതല്‍ പുതിയ എന്‍ജിനീയറിംഗ് കോളെജുകള്‍ക്ക് അനുമതി നല്‍കില്ല
2020-21 അധ്യയനവര്‍ഷത്തേക്ക് പുതിയ എന്‍ജിനീയറിംഗ് കോളെജുകള്‍ അനുവദിക്കില്ലെന്ന് ഓള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിറ്റിഇ) തീരുമാനിച്ചു. നിലവിലുള്ള കപ്പാസിറ്റി എങ്ങനെ ഉപയോഗിച്ചു എന്നത് വിലയിരുത്തിയശേഷം മാത്രമേ നിലവിലുള്ള എന്‍ജിനീയറിംഗ് കോളെജുകളില്‍ പുതിയ സീറ്റ് അനുവദിക്കുകയുള്ളു. വിദ്യാര്‍ത്ഥികളെ കിട്ടാതെ മിക്ക എന്‍ജിനീയറിംഗ് കോളെജുകളിലും സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ തീരുമാനം
3.10 വര്‍ഷം കൊണ്ട് ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകും: റിപ്പോര്‍ട്ട്
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചൈനയുടെ തൊട്ടുപിന്നില്‍ വന്‍ സാമ്പത്തികശക്തിയായി ഉയരുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ട്. വികസ്വര രാജ്യങ്ങളായിരിക്കും ഇനിയുള്ള നാളുകളില്‍ ലോകത്തെ സാമ്പത്തികശക്തികളായി മാറുക. ഒന്നാമതെത്തുന്ന ചൈനയുടെ ജിഡിപി 10 വര്‍ഷത്തിനുശേഷം 64 കോടി ഡോളറായി മാറും. 2030ഓടെ ഈ രാജ്യങ്ങളുടെ ആഭ്യന്തരോല്‍പ്പാദനം കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
4. ബിസിനസ് അനുകൂല 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഇന്ത്യ
അടുത്ത വര്‍ഷത്തോടെ ഏറ്റവും മികച്ച ബിസിനസ് അനുകൂല സാഹചര്യമുള്ള 50 രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലക്ഷ്യമിടുന്നു. നിലവില്‍ 77ാം സ്ഥാനത്താണ് ഇന്ത്യ. ഇതിനായി ബിസിനസ് സൗഹാര്‍ദ്ദ നയങ്ങള്‍ കൊണ്ടുവരും. ഒമ്പതാമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി.
5.. 10,383 കോടി വരുമാനവുമായി ജിയോ കുതിക്കുന്നു
ലാഭത്തില്‍ 65 ശതമാനം കുതിപ്പുമായി ജിയോയുടെ മുന്നേറ്റം. ഈ പാദത്തില്‍ ജിയോയുടെ വരുമാനം 10,383 കോടി രൂപയാണ്. ആളോഹരി റീചാര്‍ജ് കുറഞ്ഞെങ്കിലും വരിക്കാരുടെ എണ്ണം കുത്തനെ കൂടിയതാണ് ഈ മുന്നേറ്റത്തിന് കാരണം. പുതിയ കണക്കുകള്‍ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം 28 കോടിയാണ്.