വനിതാ സംരംഭകര്‍ ഒരുക്കുന്ന 'വെന്‍ കാര്‍ണിവല്‍' വരുന്നു

മെയ് 20, 21 തീയതികളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍;

Update:2023-05-03 11:46 IST

വെന്‍ ഭാരവാഹികള്‍

വനിതാ സംരംഭകരുടെ കൂട്ടായ്മയായ വിമെന്‍ എന്റര്‍പ്രണര്‍ നെറ്റ്‌വര്‍ക്ക്‌ (വെന്‍) വിവിധ മേഖലകളിലുള്ള സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും അവസരമൊരുക്കുന്ന 'വെന്‍ കാര്‍ണിവല്‍' സംഘടിപ്പിക്കുന്നു. മേയ് 20, 21 തീയതികളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് പരിപാടി.

118 സ്റ്റാളുകള്‍

വിവിധ മേഖലകളില്‍ നിന്നുള്ള 118 സ്റ്റാളുകളാണ് മേളയിലുണ്ടാകുക. കുടുംബത്തോടൊപ്പം പങ്കെടുക്കാവുന്ന രീതിയില്‍ പൂര്‍ണമായും ശീതീകരിച്ച ഹാളിലാണ് കാര്‍ണിവല്‍ ഒരുക്കുന്നത്. ജ്വല്ലറി, ഫാഷന്‍, ഹാന്‍ഡിക്രാഫ്റ്റ്, ലൈവ് ഫുഡ്, ഹോം ഡെക്കര്‍, ഇലക്ട്രോണിക്സ് തുടങ്ങി എല്ലാ രംഗത്തെയും സ്റ്റാളുകള്‍ കാര്‍ണിവലിന്റെ ഭാഗമായി ഉണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. വൈകിട്ട് ഡി.ജെ, ബാന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള കലാവിഷ്‌കാരങ്ങളുമുണ്ട്.

സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ.എസ്.ഐ.ഡി.സി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) തുടങ്ങിയവയുടെ സ്റ്റാളുകളുമുണ്ടാകും. മെയ് 20ന് സിയാല്‍ എം.ഡി. എസ്.സുഹാസ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും.

ഷോപ്പിംഗിനു പുറമേ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ വര്‍ക്ക് ഷോപ്പുകള്‍, ഫാഷന്‍ ഷോ, വിനോദ സെക്ഷനുകളുകള്‍,  ലൈവ് ഫുഡ് സ്പെഷ്യല്‍ കൗണ്ടറുകള്‍ തുടങ്ങിയവയും കാര്‍ണിവലിന്റെ ഭാഗമായുണ്ടാകുമെന്ന് വെന്‍ സഹസ്ഥാപക ഷീലാ കൊച്ചൗസേപ്പ് പറഞ്ഞു.

വനിതാ സംരംഭകരെ പിന്തുണക്കുന്നതിന് 2017 മുതല്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് വനിതാ സംരംഭക സംഘടനയാണ് വെന്‍. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിങ്ങനെ അഞ്ച് ചാപ്റ്ററുകളിലായി 850 ഓളം വനിതാ സംരംഭകരാണ് വിമന്‍ എന്റര്‍പ്രണര്‍ നെറ്റ്‌വര്‍ക്കിലുള്ളത്.

വെന്‍ ഭാരവാഹികളായ ആഷാ സുരേഷ്, ലൈല സുധീഷ്, ദിവ്യ തോമസ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News