സുപ്രീംകോടതി വിധി വന്നു: ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും ഇനി ആധാർ ആവശ്യപ്പെടാനാകില്ല
ആധാറിന് അംഗീകാരം നൽകി സുപ്രീംകോടതിയുടെ നിർണ്ണായക വിധി. ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും ഇനി ആധാർ വിവരങ്ങൾ ഉപഭോക്താക്കളിൽ നിന്ന് ആവശ്യപ്പെടാനാകില്ല എന്ന് വിധി വ്യക്തമാക്കുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചത്. 40 പേജുള്ള വിധി പ്രസ്താവന വായിച്ചത് ജസ്റ്റിസ് എ.കെ.സിക്രിയാണ്.
ഒരു ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കുന്നത് നല്ലതാണെന്നാണ് ബെഞ്ച് അഭിപ്രായപ്പെട്ടത്. ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാവില്ലെന്നും ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണെന്നും ജസ്റ്റിസ് സിക്രി നിരീക്ഷിച്ചു.
വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ
- ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവ ആധാറുമായി ബന്ധിക്കേണ്ടതില്ല
- ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല.
- പുതിയ സിം കാർഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല.
- സ്വകാര്യ കമ്പനികളും വ്യക്തികളും ആധാർ വിവരങ്ങൾ ശേഖരിക്കാൻ പാടില്ല
- സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല.
- സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയവയ്ക്ക് ആധാര്‍. നിര്‍ബന്ധിതമാക്കാനാവില്ല.
- ബയോമെട്രിക് ഡേറ്റ കോടതിയുടെ അനുവാദം കൂടാതെ ഏജൻസികളുമായി പങ്കുവയ്ക്കാൻ പാടില്ല.
- സ്വകാര്യ കമ്പനികൾക്ക് വെരിഫിക്കേഷന് വേണ്ടി ആധാർ നിർബന്ധമാക്കാൻ അവകാശമില്ല; ആധാർ ആക്ടിലെ സെക്ഷൻ 57 സുപ്രീംകോടതി റദ്ദാക്കി.
- അനധികൃത കുടിയേറ്റക്കാർ ആധാർ കാർഡ് നേടുന്നില്ല എന്ന് സർക്കാർ ഉറപ്പുവരുത്തണം.
- ആധാർ വിവരങ്ങളോടൊപ്പം ഡേറ്റ സുരക്ഷ ശക്തമാക്കാൻ എത്രയും പെട്ടെന്ന് സർക്കാർ നിയമനിർമ്മാണം നടത്തണം.
- ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം.
- പാൻ കാർഡിന് ആധാർ നിർബന്ധം.
- ആധാർ ധനബിൽ ആയി പാസ്സാക്കാൻ അനുമതി.
- മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കാനാവില്ല. അത് ഭരണഘടനാ വിരുദ്ധം.
- ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല.
ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാൻ അനുവദിക്കുന്ന ആധാർ ആക്ടിലെ വകുപ്പ് റദ്ദാക്കി.