കടമെടുക്കാനും നിര്‍വാഹമില്ല! കിഫ്ബിയുടെ പേരില്‍ കേരളത്തെ ശ്വാസംമുട്ടിച്ച് കേന്ദ്രം
ക്ഷേമപെന്‍ഷനും ശമ്പളത്തിനും പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടും;
അടുത്തമാസം ശമ്പളവും പെന്‍ഷനും നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായുള്ള പണത്തിനായി കടമെടുക്കാമെന്ന് കരുതിയിരുന്ന സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ് കടമെടുപ്പ് പരിധി കുത്തനെ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി. കേവലം ശമ്പളവും പെന്‍ഷനും മുടങ്ങുക മാത്രമല്ല, കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിരവധി വികസനപദ്ധതികള്‍ക്കും കേന്ദ്രനടപടി തിരിച്ചടിയാകും.
ക്ഷേമപെന്‍ഷന്‍ ഇപ്പോഴേ മൂന്ന് മാസത്തെ കുടിശികയിലാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണ കുടിശിക, ക്ഷാമബത്ത, ലീവ് സറണ്ടര്‍ എന്നിവയുടെ വിതരണത്തെയും കേന്ദ്രനടപടി ബാധിക്കും. ക്ഷേമപെന്‍ഷന്‍, ജീവനക്കാര്‍ക്കുള്ള ആനുകൂല്യം എന്നിവയിലെ കുടിശിക നിലവില്‍ 20,000 കോടി രൂപയാണ്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നടക്കമുള്ള പുതിയ നിയമനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാകും; നിയമനങ്ങള്‍ വൈകാന്‍ ഇതിടയാക്കും.
വെട്ടിക്കുറച്ചത് 17,052 കോടി
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം വരെ തുക സര്‍ക്കാരിന് കടമെടുക്കാമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 32,440 കോടി രൂപ നടപ്പുവര്‍ഷം (2023-24) കടമെടുക്കാം. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ ഇതില്‍ നിന്ന് ഒറ്റയടിക്ക് 17,052 കോടി രൂപ വെട്ടിക്കുറച്ചു. ഫലത്തില്‍, കടമെടുക്കാനാവുക 15,388 കോടി രൂപ മാത്രം.
എന്തുകൊണ്ട് കടംവെട്ടി?
കേരള സര്‍ക്കാരിന് സംസ്ഥാന ജി.ഡി.പിയുടെ മൂന്ന് ശതമാനം വരെ കടമെടുക്കാമെന്നാണ് മാനദണ്ഡം. ഇതുപ്രകാരം 32,440 കോടി രൂപ നടപ്പുവര്‍ഷം കടമെടുക്കാം. ഇത് മുന്നില്‍ക്കണ്ടാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചതും.
എന്നാല്‍ കിഫ്ബിയും (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്/KIIFB) പെന്‍ഷന്‍ ഫണ്ട് കമ്പനിയും (കേരള സ്‌റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്/KSSPL) എടുത്ത വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രത്തിന്റെ നടപടിയെന്നാണ് വിലയിരുത്തല്‍. ബജറ്റിന് പുറത്തെ കടമെടുപ്പായി ഇവ കണക്കാക്കാനാവില്ലെന്ന് കേന്ദ്രം നേരത്തേയും വ്യക്തമാക്കിയിരുന്നു.
ഇനി എന്ത് ചെയ്യാം?
കേന്ദ്രത്തിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി കടമെടുപ്പ് പരിധി കൂട്ടുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാവുക. കോടതികളെയും സമീപിക്കാം. കഴിഞ്ഞവര്‍ഷവും (2022-23) കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് 3,700 കോടിയോളം രൂപ വെട്ടിക്കുറച്ചിരുന്നു. നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വായ്പാ പരിധി കൂട്ടാന്‍ പിന്നീട് കേന്ദ്രം വഴങ്ങിയിരുന്നു.
വീണ്ടും കടമെടുക്കാന്‍ കിഫ്ബി
കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്ന് നിരന്തരമുണ്ടാകുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി ഏകദേശം 40,000 കോടിയോളം രൂപയാണ് കേന്ദ്രം ഇത്തരത്തില്‍ വെട്ടിയത്. അതേസമയം, കിഫ്ബി വീണ്ടും 1,000 കോടി രൂപയുടെ ബോണ്ടുകളിറക്കാനുള്ള നീക്കത്തിലാണ്. നിലവില്‍ 14,000 കോടി രൂപയുടെ കാടബാദ്ധ്യത കിഫ്ബിക്കുണ്ട്.