നിസ്സാരമായി കാണരുത്; കാലാവസ്ഥാ മാറ്റം നമ്മുടെ ജീവിതനിലവാരം കുറയ്ക്കുമെന്ന് ലോകബാങ്ക്

Update:2018-06-29 14:09 IST

കാലാവസ്ഥാ വ്യതിയാനത്തെ തടുക്കാൻ കാര്യക്ഷമമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ

രാജ്യത്തെ പകുതിയോളം ജനങ്ങൾ അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്.

2050 ഓടെ കാലാവസ്ഥാ വ്യതിയാനം രാജ്യത്തിൻറെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 2.8 ശതമാനം കുറവുണ്ടാക്കുമെന്നാണ് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 1.1 ട്രില്യൺ ഡോളർ നഷ്ടമാണ് ഇതുമൂലം സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുക. ഏതാണ്ട് 60 കോടി ആളുകളുടെ ജീവിത നിലവാരത്തെ ഇത് പ്രതികൂലമായി ബാധിക്കും.

ക്ലൈമറ്റ് ഹോട്ട് സ്പോട്ടുകളായി തരംതിരിച്ചിരിക്കുന്ന മധ്യ ഇന്ത്യയിലെ വിദർഭ പോലുള്ള പ്രദേശങ്ങളിൽ സാമ്പത്തിക ഉപഭോഗത്തിൽ 10 ശതമാനത്തോളം കുറവുണ്ടാകും.

2015 പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിച്ചാൽ പോലും 2 ശതമാനം കുറവ് ജിഡിപിയിൽ പ്രകടമാകും.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രദേശങ്ങളാണ് ക്ലൈമറ്റ് ഹോട്ട് സ്പോട്ടുകൾ. രാജ്യത്തെ ഏറ്റവും മുൻപിലുള്ള 10 ഹോട്ട് സ്പോട്ടുകൾ ഏഴെണ്ണവും വിദർഭയിലാണ്.

കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് കാർഷികോൽപാദനം, ആരോഗ്യം, കുടിയേറ്റം എന്നിവയെയായിരിക്കും. 2050 ഓടെ ശരാശരി താപനില 1.5-3 ഡിഗ്രി സെൽഷ്യസ് വർധിക്കും. ഇനി മലിനീകരണം തടയാൻ നടപടികളെടുത്താൽത്തന്നെയും ശരാശരി താപനിലയിൽ 1 മുതൽ 2 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധനവുണ്ടാകുമെന്നാണ് ലോകബാങ്ക് പഠനം ചൂണ്ടിക്കാട്ടുന്നത്.

Similar News