വികസന പദ്ധതികള്‍ ഇഴയുന്നു; അധിക ചെലവ് 4 ലക്ഷം കോടി

Update:2019-12-23 15:07 IST

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 377 വന്‍കിട പദ്ധതികള്‍ സമയക്രമം വിട്ട് ഇഴയുന്നു. ഈ പദ്ധതികളിലെ കാലതാമസം മൂലം വന്നിട്ടുള്ള അധിക ചെലവ് 3.94 ലക്ഷം കോടിയിലധികം രൂപ വരും. 150 കോടി രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്ന പദ്ധതികളുടെ കണക്കാണ് കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നടത്തിപ്പ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

അത്തരം 1,635 പദ്ധതികളില്‍ 377 എണ്ണത്തിലാണ് ചെലവ് വര്‍ദ്ധിച്ചത്. 565 എണ്ണം അനിശ്ചിതമായി വൈകുന്നു. 1635 പദ്ധതികള്‍ നടപ്പാക്കാനുള്ള മൊത്തം ചെലവ് 19,47,462.67 കോടി രൂപയായാണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ വൈകുന്നതു മൂലം പൂര്‍ത്തീകരണ ചെലവ് ഇപ്പോഴത്തെ കണക്കനുസരിച്ച് 23,41,784.84 കോടി രൂപയാകും. ചെലവ് 3,94,322.17 കോടി രൂപ ഉയരും.ആദ്യ എസ്റ്റിമേറ്റിന്മേല്‍ വരുന്ന വര്‍ദ്ധന 20.25 ശതമാനം.

2019 സെപ്റ്റംബര്‍ വരെ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ച തുക 9,96,613.94 കോടി രൂപയാണ്. ആദ്യം പ്രതീക്ഷിച്ച ചെലവിന്റെ 42.55 ശതമാനം.
നിശ്ചിത സമയപരിധിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ തലവേദന സൃഷ്ടിച്ചിരിക്കുന്ന 565 പദ്ധതികളില്‍ 140 എണ്ണം 25-60 മാസം വരെ തടസപ്പെട്ടു കിടക്കുന്നവയാണ്. 114 പദ്ധതികള്‍ അഞ്ച് വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്നു. 13 മുതല്‍ 24 മാസം വരെ മുടങ്ങിക്കിടക്കുന്ന 129 പദ്ധതികളുണ്ട്.

പൂര്‍ത്തീകരണം വൈകുന്ന പദ്ധതികളില്‍ ശരാശരി 38.41 മാസങ്ങളുടെ കാലതാമസമാണ് ദൃശ്യമാവുന്നത്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍, പാരിസ്ഥിതിക അനുമതി, ഉപകരണങ്ങളുടെ വിതരണത്തിലെ കാലതാമസം എന്നിവയാണ് അടിസ്ഥാനപരമായി പദ്ധതികള്‍ വൈകാനുള്ള കാരണം. ഫണ്ടിന്റെയും തൊഴിലാളികളുടെയും ലഭ്യതക്കുറവ്, ഖനനത്തിലെ വൈഷമ്യം, കോടതി വ്യവഹാരങ്ങള്‍, കരാര്‍ പ്രശ്നങ്ങള്‍, മാവോയിസ്്റ്റ് പ്രശ്നങ്ങള്‍, ക്രമസമാധാന വിഷയങ്ങള്‍, സിവില്‍ ജോലികള്‍ സമയത്തിന് പൂര്‍ത്തിയാവാത്തത്, കരാറുകാരന്റെ ഉപേക്ഷ എന്നിവയും പദ്ധതികള്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News