ഇന്ത്യയിലെ 63 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് രാജ്യത്തിന്റെ ബജറ്റിനേക്കാള്‍ അധികം. ഇന്ത്യന്‍ ജനസഖ്യയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 70 ശതമാനത്തിനേക്കാള്‍ സ്വത്ത്, അതിസമ്പന്നരായ ഒരു ശതമാനം കൈവശം വെച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി ഓക്്‌സ്ഫാം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ദാവോസിലെ ലോക സാമ്പത്തിക ഫോറം വാര്‍ഷിക സംഗമത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ചു.
സാധാരണക്കാരുടെ ചെലവില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ കീശകള്‍ നിറയുന്നുവെന്നും ഇത് സമ്പദ്വ്യവസ്ഥയെ താറുമാറാക്കുന്നുവെന്നും ഓക്‌സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബേഹര്‍ പറഞ്ഞു.സ്ത്രീ തൊഴിലാളികള്‍ മാന്യമായ വേതനമോ, തൊഴില്‍ സുരക്ഷിതത്വമോ ഇല്ലാതെ എല്ലുമുറിയെ പണിയെടുത്ത് പ്രതിവര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് 19 ലക്ഷം കോടി രൂപയുടെ സംഭാവനയാണ് നല്‍കുന്നതെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. 2019 ലെ ബജറ്റില്‍ വിദ്യാഭ്യാസത്തിനായി നീക്കിവെച്ച തുകയേക്കാള്‍ 20 മടങ്ങ് അധികമാണ് സ്ത്രീ തൊഴിലാളികളുടെ സംഭാവന.
ലോക ജനസംഖ്യയുടെ 60 ശതമാനം ആളുകളുടെ സമ്പത്തിനേക്കാള്‍ അധികം സ്വത്ത് 2153 ശതകോടീശ്വരന്മാര്‍ക്കുണ്ട്.
അസമത്വം വര്‍ധിച്ചതായും കഴിഞ്ഞ ദശകത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അസമത്വം ഇല്ലാതാക്കുന്ന നയങ്ങളിലൂടെ മാത്രമേ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് നികത്താന്‍ സാധിക്കുകയുള്ളുയെന്നും എന്നാല്‍ വളരെ കുറച്ച് സര്‍ക്കാരുകള്‍ മാത്രമേ ഇത് ചെയ്യുന്നുള്ളൂവെന്നും അമിതാഭ് ബേഹര്‍ പറഞ്ഞു.
ആഗോള ജനസംഖ്യയിലുള്‍പ്പെടുന്ന 460 കോടി പേരുടെ കയ്യിലുള്ളതിനേക്കാള്‍ സ്വത്ത് ലോകത്തെ 2,153 ശതകോടീശ്വരന്മാര്‍ക്കുണ്ടെന്ന് ഓക്‌സ്ഫാം നിരീക്ഷിക്കുന്നു.ആഫ്രിക്കയിലെ എല്ലാ സ്ത്രീകളേക്കാളും കൂടുതല്‍ സമ്പത്ത് അവിടത്തെ 22 സമ്പന്നരായ പുരുഷന്മാര്‍ കൈവശം വയ്ക്കുന്നുണ്ട്.കഴിഞ്ഞ ദശകത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. ലോകത്തെ ഏറ്റവും സമ്പന്നരായ 1 % പേര്‍ 690 കോടി പേരുടെ കയ്യിലുള്ളതിന്റെ ഇരട്ടിയിലധികം സ്വത്തു കൈവശം വയ്ക്കുന്നു.
പാചകം, ഗൃഹപരിപാലനം, കുട്ടികളേയും പ്രായമായവരെയും പരിചരിക്കല്‍ തുടങ്ങിയ വേതന രഹിത ജോലികള്‍ ചെയ്യുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ ഇവരുടെ ഈ പരിശ്രമങ്ങളാണ് സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും കാര്യക്ഷമമാക്കുന്നതെന്നും ഓക്‌സ്ഫാം ഇന്ത്യ സിഇഒ പറഞ്ഞു.1942 ല്‍ സ്ഥാപിതമായ ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന 19 സ്വതന്ത്ര ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളുടെ കോണ്‍ഫെഡറേഷനാണ് ഓക്‌സ്ഫാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline