ടെലിവിഷൻ ചാനലുകളിൽ പരസ്യം നൽകുന്ന കാര്യത്തിൽ പ്രമുഖ ബ്രാൻഡുകളെപ്പോലും പിന്നിലാക്കി ബിജെപി. അഞ്ച് സംസ്ഥാനങ്ങളിളിലെ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് പാർട്ടി വ്യാപകമായി പരസ്യം നല്‍കിയത്.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് ആദ്യ പത്ത് സ്ഥാനങ്ങളില്‍ പോലും എത്താന്‍ കഴിഞ്ഞിട്ടില്ല.
മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നവംബർ 10-16 കാലയളവിൽ ഇത്രയും പരസ്യം ബിജെപി നല്‍കിയത്.
ഈയിടെ തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ പാർട്ടികൾ സമർപ്പിച്ച രേഖ അനുസരിച്ച് ഏറ്റവും കൂടുതൽ ഫണ്ടിംഗ് ലഭിച്ച പാർട്ടി ബിജെപിയാണ്. 400 കോടി രൂപ. കോൺഗ്രസിന് 26 കോടി രൂപയും. ഫണ്ടിംഗിലുള്ള കുറവു മൂലം പുതിയ ഓഫീസിന്റെ നിർമ്മാണം പോലും പൂർത്തിയാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല.
വീഡിയോ സ്ട്രീമിംഗ് സേവനദാതാക്കളായ നെറ്റ്ഫ്ലിക്സാണ് പരസ്യം നൽകുന്നതിൽ രണ്ടാം സ്ഥാനത്ത്. ബിജെപിയുടെ പരസ്യം 22,099 തവണ വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. നെറ്റ്ഫ്ലിക്സിന്റെ പരസ്യമാകട്ടെ 12,951 തവണയും.
ഇക്കാര്യത്തിൽ കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവറിനെപ്പോലും ബിജെപി മറികടന്നു എന്നതാണ് ശ്രദ്ധേയം.
മറ്റുള്ള പരസ്യ ദാതാക്കൾ
- ട്രിവാഗോ- പരസ്യം പ്രത്യക്ഷപ്പെട്ടത് 12,795 തവണ
- സന്തൂര്‍ -11,222
- ഡെറ്റോള്‍ ഹാൻഡ്‌വാഷ് -9,487
- വൈപ്പ്-9,082
- കോള്‍ഗേറ്റ് ഡെന്റല്‍ ക്രീം-8,938
- ഡെറ്റോള്‍ സോപ്പ്-8,633
- ആമസോണ്‍ പ്രൈം വീഡിയോ-8,031
- രൂപ് മന്ത്ര ആയൂര്‍ ഫേസ് ക്രീം-7,962