ചരിത്രത്തിലേക്ക് അരുണ്‍ ജെയ്റ്റ്‌ലി; മറയുന്നത് ദേശീയ രാഷ്ട്രീയത്തിലെ ആധുനികമുഖം, സൗമ്യസാന്നിധ്യം

Update:2019-08-24 15:17 IST

നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ജയ്റ്റ്‌ലി ദേശീയ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ച രണ്ട് നിര്‍ണായക തീരുമാനങ്ങളായ ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പിലാക്കുമ്പോള്‍ ധനമന്ത്രിയായിരുന്നു. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായി വ്യാപക അംഗീകാരം നേടിയിരുന്നു അദ്ദേഹം.

ഡല്‍ഹിയിലെ എയിംസില്‍ ആയിരുന്നു ഇന്നുച്ചയോടെ ജെയ്റ്റ്‌ലി അന്ത്യശ്വാസം വലിച്ചത്. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലിയുടെ ആരോഗ്യനില ഏതാനും ദിവസങ്ങളായി അതീവഗുരുതരമായി തുടരുകയായിരുന്നു. ഈ മാസം ഒമ്പതിനാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ,  പ്രധാനമന്ത്രി നരേന്ദ്ര മോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്‌സഭാ സ്പീക്കറും ഈ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ എയിംസില്‍ എത്തിയിരുന്നു. 

മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് പ്രമുഖ നിയമജ്ഞനും വാഗ്മിയുമായ അരുണ്‍ ജെയ്റ്റ്‌ലി. സുഷമ സ്വരാജിനു പിന്നാലെ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാകുന്നത്. എബിവിപിയില്‍ തിളങ്ങിയശേഷം പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ പ്രഗത്ഭനാണു ജെയ്റ്റ്‌ലി.   

ദേശീയ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ച രണ്ട് നിര്‍ണായക തീരുമാനങ്ങള്‍ -ജിഎസ്ടിയും നോട്ടുനിരോധനവും- നടപ്പാക്കവേ കേന്ദ്ര ധനമന്ത്രിയായിരുന്നുവെന്ന അടയാളപ്പെടുത്തലോടെയാണ് അരുണ്‍ ജെയ്റ്റ്‌ലി ആധുനിക ഇന്ത്യാചരിത്രത്തിന്റെ ഭാഗമായി മാറുന്നത്. അതേസമയം, ജിഎസ്ടിയും നോട്ടുനിരോധനവും സംബന്ധിച്ചുയര്‍ന്ന വ്യാപക വിമര്‍ശനങ്ങളാകട്ടെ ധനമന്ത്രിയേക്കാളുപരി പ്രതിരോധത്തിലാക്കിയത് പ്രധാന മന്ത്രിയെയായിരുന്നു.

നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തന്മാരില്‍ ഒരാളായി അറിയപ്പെട്ടിരുന്നയാളാണ് നിയമജ്ഞനും വാഗ്മിയുമായ ജയ്റ്റ്‌ലി. മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായി വ്യാപക അംഗീകാരം നേടാന്‍ കഴിഞ്ഞ അസാധാരണ വ്യക്തിത്വം.സുഷമ സ്വരാജിനു പിന്നാലെ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാകുന്നത്.

എബിവിപിയില്‍ തിളങ്ങിയശേഷം പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ പ്രഗത്ഭനാണു ജെയ്റ്റ്‌ലി. 1990 കളുടെ അവസാനം മുതല്‍ ഡല്‍ഹിയില്‍ മോദിയുടെ പ്രമുഖ പ്രതിനിധിയായിരുന്നു അദ്ദേഹം. ആരോഗ്യനില തീര്‍ത്തും വഷളായതോടെയാണ്, നാലു പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടത്. മോദി 2.0 സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ആരോഗ്യകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജെയ്റ്റ്ലി പ്രധാനമന്ത്രിയോട് മന്ത്രിസഭയില്‍ നിന്ന് പുറത്തുനില്‍ക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രാപഥം ഇങ്ങനെ...

1973-1977: അരുണ്‍ ജെയ്റ്റ്ലി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു, ഡല്‍ഹി യൂണിവേഴ്‌സിറ്റി കാമ്പസിലെ എബിവിപി നേതാവായി; 1974 ല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റാകുന്നു. അടിയന്തരാവസ്ഥയില്‍ 19 മാസം തടങ്കലില്‍ . ജയ് പ്രകാശ് നാരായണന്റെ അഴിമതി വിരുദ്ധ സമരത്തില്‍ സജീവ പങ്കുവഹിക്കുന്നു. ജയില്‍ മോചിതനായ ശേഷം ജനസംഘത്തിലേക്ക്.

1980: ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റും ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയും.

1987-2009 : സുപ്രീം കോടതിയിലും നിരവധി ഹൈക്കോടതികളിലും അഭിഭാഷകനായി തിളങ്ങി.
വി പി സിംഗ് സര്‍ക്കാരിന്റെ കാലത്ത് 1989 ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി.ശരദ് യാദവ്, മാധവറാവു സിന്ധ്യ, എല്‍ കെ അദ്വാനി തുടങ്ങി നിരവധി നേതാക്കള്‍ക്കു വേണ്ടി കേസുകള്‍ വാദിച്ചു.രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ശേഷം രാഷ്ട്രീയ ചുമതലകള്‍ കണക്കിലെടുത്ത് 2009 ജൂണില്‍ പ്രാക്ടീസ് നിര്‍ത്തി.

1991-1999 : ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് 1991 മുതല്‍ ; 1991 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ വക്താവായി.

1999 മുതല്‍് വാജ്‌പേയി മന്ത്രിസഭയില്‍  സ്വതന്ത്ര ചുമതലയോടെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി , ഓഹരി വിറ്റഴിക്കല്‍ സഹമന്ത്രി .

2000: നിയമ, നീതി, കമ്പനി കാര്യ, ഷിപ്പിംഗ് വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായി .

2002-03: 2002 ജൂലൈ 1 ന് ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായി. 2003 ല്‍ പാര്‍ട്ടിയുടെ ദേശീയ വക്താവായി. 2004 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തിന് ശേഷം നിയമ ജീവിതത്തിലേക്ക് മടങ്ങി.

2004-2014 : രാജ്യസഭയില്‍ വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകയില്‍ പ്രധാന പങ്ക് വഹിച്ചു. ജന ലോക്പാല്‍ ബില്ലില്‍ അന്ന ഹസാരെയെ പിന്തുണയ്ക്കുന്നു.

2014-2019:  ജെയ്റ്റ്ലി നേരിട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ല 2014 വരെ. ആ വര്‍ഷം അമൃത്സര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കിലും കോണ്‍ഗ്രസിലെ അമരീന്ദര്‍ സിങ്ങിനോട് പരാജയപ്പെട്ടു. തുടര്‍ന്നാണ്, മോദി സര്‍ക്കാരില്‍ ധനമന്ത്രിയായത്.പിന്നീട് കോര്‍പ്പറേറ്റ് കാര്യമന്ത്രിയും പ്രതിരോധമന്ത്രിയുമായി. ജെയ്റ്റ്ലി ധനകാര്യമന്ത്രിയായിരിക്കവേയാണ് മോദി സര്‍ക്കാര്‍ റെയില്‍വേ ബജറ്റിനെ പൊതു ബജറ്റുമായി ലയിപ്പിച്ചത്. പൊതു ബജറ്റ് തീയതി ഫെബ്രുവരി ഒന്നിനാക്കിയ തീരുമാനവും ജെയ്റ്റ്ലയുടേതാണ്. ആദായ നികുതിക്ക് നിരവധി നികുതി-സ്ലാബ് പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി.   കോര്‍പ്പറേറ്റ് മേഖലയില്‍ സമീപകാലത്ത് സംഭവമായി മാറിയ ഇന്‍സോള്‍വെന്‍സി, പാപ്പരത്വ കോഡ് എന്നിവ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

പ്രധാനമന്ത്രി മോദിയുടെ രണ്ടാം ടേമില്‍ മന്ത്രിയാകാനുള്ള ക്ഷണം സ്വീകരിക്കാന്‍ അനാരോഗ്യം മൂലം അരുണ്‍ ജെയ്റ്റ്ലിക്കു കഴിഞ്ഞില്ല. 2019 മെയ് 29 ന് മോദിക്ക് അയച്ച കത്തില്‍ അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

Similar News