ഭെല്‍ ഉള്‍പ്പെടെ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍(ബിപിസിഎല്‍) ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.
മിനറല്‍സ് ആന്റ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എംഎംടിസി), നാഷണല്‍ മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എംഡിസി), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭെല്‍), മെറ്റലര്‍ജിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് എന്നിവ കൂടാതെ രണ്ട് ഒഡീഷ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഹരി കൂടി വിറ്റഴിക്കാനുള്ള തീരുമാനത്തിനാണ് ഇപ്പോള്‍ അംഗീകാരമായത്.
ഭെല്‍ സ്വകാര്യവല്‍ക്കരണ നീക്കത്തില്‍ കേരളം ആശങ്ക അറിയിച്ചിരുന്നു. കായംകുളത്ത് 22 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ ഫ്‌ളോട്ടേഷന്‍ പ്ലാറ്റ്‌ഫോമിന്റെ രൂപകല്‍പ്പനയ്ക്കും വിതരണത്തിനുമായി ഭെല്‍ ടെണ്ടര്‍ നല്‍കിയത് ഈയിടെയാണ്.കൂടാതെ, കേരളത്തിന്റെ ഇന്റര്‍നെറ്റ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഭെല്‍ കണ്‍സോര്‍ഷ്യത്തിനാണ്. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കിന് (കെ-ഫോണ്‍) കീഴില്‍ വരുന്ന പദ്ധതിക്കു വേണ്ടി കേബിളിടുന്ന ജോലികളും ഏഴു വര്‍ഷത്തെ നടത്തിപ്പും ഭെല്ലിന്റെ ചുമതലയിലായിരിക്കും. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍, എസ്.ആര്‍.ഐ.ടി. എന്നിവ ചേരുന്നതാണ് ഭെല്‍ കണ്‍സോര്‍ഷ്യം. ഏഴു വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് ഉള്‍പ്പെടെ 1,300 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, എതിര്‍പ്പു രൂക്ഷമാകുന്നതിനാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങാന്‍ കോര്‍പ്പറേറ്റുകള്‍ കാണിക്കുന്ന നിസംഗത സര്‍ക്കാരിന് തിരിച്ചടിയാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ( ഒഎന്‍ജിസി) എന്നീ സ്ഥാപനങ്ങള്‍ക്ക് ബിപിസിഎല്‍ ഓഹരി വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline