'ചൈനയുടെ പരസ്യങ്ങളില്‍ അഭിനയിക്കേണ്ട'; ഇന്ത്യന്‍ താരങ്ങളോട് സിഎഐടി

Update:2020-06-19 13:07 IST

സിനിമാ-കായിക താരങ്ങള്‍ ഇനി മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന നിര്‍ദ്ദേശവുമായി രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് രംഗത്ത്. 'ബോയ്‌ക്കോട്ട് ചൈന' പ്രചാരണത്തിന്റെ ഭാഗമായാണ് സിഎഐടിയുടെ പുതിയ ആവശ്യം.

നിലവില്‍ ചൈനീസ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന ബോളിവുഡ് താരങ്ങള്‍ ഇത് അവസാനിപ്പിക്കണം. അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ശില്‍പ ഷെട്ടി, മാധുരി ദീക്ഷിത്, മഹേന്ദ്ര സിങ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സോനു സൂദ് എന്നിവരോട് ഈ ക്യാംപെയിന്റെ ഭാഗമാകാനും സംഘടന അഭ്യര്‍ത്ഥിച്ചു.

വിവോ പരസ്യത്തില്‍ അഭിനയിക്കുന്ന ആമിര്‍ ഖാന്‍, സാറ അലി ഖാന്‍ എന്നിവര്‍ തുടങ്ങി വിരാട് കോലി, ദീപിക പദുകോണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, റാപ്പര്‍ ബാദ്ഷാ, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിങ്, സല്‍മാന്‍ ഖാന്‍, ശ്രദ്ധ കപൂര്‍, ആയുഷ്മാന്‍ ഖുറാന ഉള്‍പ്പെടെ ഒട്ടേറെ പേരെ ലക്ഷ്യമാക്കിയുള്ളതാണ് സിഎഐടിയുടെ നീക്കം.

രണ്ട് മാസമായി അതിര്‍ത്തിയില്‍ തുടരുന്ന അസ്വസ്ഥകളില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുതെന്ന വലിയ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. വ്യാപാര രംഗത്ത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ പങ്കാളിയാണു ചൈന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News