ബ്രെക്‌സിറ്റ്: പാര്‍ലമെന്റ് തിരിച്ചടിച്ചു, അങ്കലാപ്പില്‍ ബോറിസ് ജോണ്‍സണ്‍
ഒക്ടോബര്‍ 31ന് മുമ്പ് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കം പാര്‍ലമെന്റില്‍ പാളിയതോടെ ബ്രെക്‌സിറ്റിന്റെ സമയം നീട്ടി നല്‍കുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ സജീവമായി പരിഗണിച്ചുതുടങ്ങിയെന്ന് ബിബിസി അറിയിച്ചു.അതേസമയം, പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയും ബോറിസ് ജോണ്‍സണ്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള സമയപരിധിക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാത്തതാണ് പ്രധാനമന്ത്രിക്കു വിനയായത്. പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് ബില്ലിനെ സംബന്ധിച്ച് ഇന്നലെ നടത്തിയ ആദ്യ വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തിരുന്നു. എന്നാല്‍ മൂന്നു ദിവസത്തിനകം സമയപരിധി സംബന്ധിച്ച തീരുമാനമെടുക്കണമെന്ന പ്രമേയത്തില്‍ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ബ്രെക്‌സിറ്റ് താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ട സാഹചര്യം വന്നു. 329 വോട്ടുകള്‍ പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരായപ്പോള്‍ 299 മാത്രമേ അനുകൂലമായുള്ളൂ.
ഇത് മൂലം ബ്രിട്ടന്‍ ഈ മാസം 31ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്തിരിയുന്നത് സംബന്ധിച്ചുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ബ്രെക്‌സിറ്റ് അനിശ്ചിതത്വം യൂറോപ്യന്‍ യൂണിയനിലെ സാമ്പത്തിക മേഖലയിലുണ്ടാക്കിയിട്ടുള്ളത് സാരമായ ആശയക്കുഴപ്പമാണെന്നു നിരീക്ഷകര്‍ പറയുന്നു.പാര്‍ലമെന്റ് നിര്‍ദ്ദേശിച്ച പ്രകാരം ജനുവരി 31 വരെ സമയം നീട്ടി നല്‍കാന്‍ അനുവദിക്കണമെന്ന അപേക്ഷ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യൂറോപ്യന്‍ യുണിയനു സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് കൂടുതല്‍ സമയം അനുവദിക്കണമോ എന്ന ചര്‍ച്ചകളാണ് യൂറോപ്യന്‍ യൂണിയനില്‍ തുടങ്ങിവച്ചിരിക്കുന്നത്.