പൊതുതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് മിനിമം വേതനം (Guaranteed minimum income) ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവർത്തിച്ച് വ്യക്തമാക്കുകയുണ്ടായി. ഒരു നിശ്ചിത പരിധിയ്ക്ക് താഴെ മാത്രം വരുമാനമുള്ള ആളുകൾക്ക് മിനിമം വേതനം ഉറപ്പാക്കി അത്രയും തുക നേരെ അവരുടെ അക്കൗണ്ടിലെത്തിക്കുകയാണ് രാഹുൽ പദ്ധതിയിടുന്ന മിനിമം വേതനം സ്കീം.
ഇതിൽ നിന്നും വ്യത്യസ്തമായി, ഇതോടൊപ്പം ചർച്ചയിൽ വന്ന മറ്റൊരു പദ്ധതിയാണ് യൂണിവേഴ്‌സൽ ബേസിക് ഇൻകം (UBI) അഥവാ അടിസ്ഥാന വേതനം. ഇത് ഇന്ത്യയിൽ നടപ്പാക്കാൻ പറ്റുമോ എന്നറിയാൻ നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് വിദഗ്ധ പഠനവും നടത്തിയിരുന്നു. രാജ്യത്തെ എല്ലാ പൗരൻമാർക്കും ഒരു നിശ്ചിത തുക അടിസ്ഥാന വേതനമായി നിശ്ചയിക്കുകയാണ് ഇതുപ്രകാരം ചെയ്യുന്നത്. ജോലിയില്ലെങ്കിലും ഈ വരുമാനം കൊണ്ട് ജീവിക്കാം.
ഇക്കണോമിക് സർവെ ഓഫ് ഇന്ത്യ നിർദേശിച്ച യുബിഐ പ്രകാരം സർക്കാർ അടിസ്ഥാന ശമ്പളമായി 7,620 രൂപ നൽകേണ്ടി വരും. ടെണ്ടുൽക്കർ കമ്മിറ്റി ദരിദ്ര രേഖ അനുസരിച്ച് ഈ വേതനം രാജ്യത്തെ 75 ശതമാനം ജനങ്ങൾക്കും ലഭിക്കും.
രാജ്യത്തെ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കൂടിവരുന്നതാണ് ഇത്തരം ചർച്ചകൾക്ക് ആക്കം കൂട്ടുന്നത്. തെരഞ്ഞെടുപ്പു കാലത്ത് ഇത്തരം ആശയങ്ങൾ പൊങ്ങിവരുന്നത് സ്വാഭാവികം. പണ്ട് 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന് നമ്മൾ ചിന്തിച്ചിരുന്ന, വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന, ഈ ആശയം നമ്മുടെ നാട്ടിൽ നടപ്പാവുമോ?
എന്നാൽ യുബിഐ പല രാജ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഓട്ടോമേഷൻ മൂലം തൊഴിലുകൾ നഷ്ടപ്പെടുന്നതാണ് ഈ രീതിയിൽ ചിന്തിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നത്. ഈയിടെ ഫിൻലൻഡ് എന്ന യൂറോപ്യൻ രാജ്യവും ഇതുപോലുള്ള ഒരാശയം നടപ്പിലാക്കുകയുണ്ടായി. പരീക്ഷണാടിസ്‌ഥാനത്തിൽ രണ്ടു വർഷത്തേക്കാണ് സ്കീം നടപ്പാക്കിയത്.
2017 ജനുവരി മുതൽ ഫിൻലന്റിലെ 2,000 തൊഴിൽ രഹിതർക്ക് 560 യൂറോ വീതം നൽകിയായിരുന്നു പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ സേവിങ് നിരക്ക് കൂട്ടാമെന്നായിരുന്നു കണക്കുകൂട്ടൽ.
1,37,000 പേർ ഫിൻലൻഡിൽ ജോലി ചെയ്യുന്ന ജനവിഭാഗമാണ്. 2000 പേർക്ക് 560 യൂറോ വീതം തൊഴിലില്ലായ്മാ വേതനം നൽകണമെങ്കിൽ തൊഴിൽ ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന ആദായ നികുതി 30 ശതമാനമെങ്കിലും വർധിപ്പിക്കണമായിരുന്നു. ആഗോള കൂട്ടായ്മയായ ഒഇസിഡി പറഞ്ഞത് യുബിഐ നടപ്പാക്കിയാൽ ഫിൻലന്റിൽ വരുമാന അസമത്വം വീണ്ടും ഉയരുമെന്നും ദരിദ്ര രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 11.4 ശതമാനത്തിൽ നിന്നും 14.1 ശതമാനമായി ഉയരുമെന്നാണ്. മാത്രമല്ല, ജോലി കണ്ടെത്താൻ ശ്രമിക്കാതെ ആളുകൾ മടിയന്മാരായി പോകുമെന്നും അധികൃതർക്ക് മനസിലായി.
എന്തായാലും ഫണ്ട് കണ്ടെത്താനാവാതായതോടെ സ്കീം നിർത്തലാക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. ഇന്ത്യയെ അപേക്ഷിച്ച് ഫിൻലൻഡിൽ ജനസംഖ്യ വളരെ കുറവാണ്. തൊഴിലില്ലാത്തവരും കുറവാണ്. അങ്ങനെയൊരു രാജ്യത്ത് നടപ്പാക്കാൻ സാധിക്കാത്ത പദ്ധതി ഇന്ത്യയിൽ നടപ്പാക്കാൻ വളരെ സൂക്ഷ്മമായ പ്ലാൻ വേണം, പഠനം വേണം.
അതേസമയം, രാഹുൽ ഗാന്ധി നിർദേശിക്കുന്ന മിനിമം വേതനം യുബിഐയിൽ നിന്ന് വ്യത്യസ്തമാകാനാണ് സാധ്യത. അതിന്റെ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും രാജ്യത്തെ 22 ശതമാനം ജനങ്ങളെങ്കിലും ഗുണഭോക്താക്കളാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.