ന്യൂഡല്‍ഹിയില്‍ ഈ ആഴ്ച നടക്കുന്ന ഇന്ത്യാ സാമ്പത്തിക ഉച്ചകോടിക്കിടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസുമായി ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ തുടരും. 'ചര്‍ച്ചകളില്‍ നല്ല നിലപാടാണ് യു.എസിന്റേത്, ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ'വാണിജ്യമന്ത്രാലയത്തിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച യു.എസ് സന്ദര്‍ശനത്തിനിടെ ഗോയല്‍ മെഡിക്കല്‍ ഉപകരണ കമ്പനികളുടെ തലവന്മാരെ കണ്ടിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെ വിലനിര്‍ണ്ണയം സംബന്ധിച്ച് ഇരുപക്ഷവും തൃപ്തികരമായ തീരുമാനങ്ങളിലെത്തി. ന്യൂ ജേഴ്‌സിയിലെ യുഎസ് സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡെസ്, യു.എസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നിരുന്നാലും, കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കെതിരാകുന്ന വാണിജ്യകരാറുകളില്‍ ഇന്ത്യക്കു പങ്കാളിത്തമുണ്ടാകില്ലെന്നും ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. 16 രാജ്യങ്ങളുടെ പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (ആര്‍.സി.ഇ.പി) കാര്യത്തിലും ഇതു തന്നെയാകും നയം.