എൻഎച്ച് വികസനം: കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയെന്ന് ഗഡ്കരി

Update:2019-05-09 14:38 IST

ദേശീയപാതാ വികസനത്തിന്റെ മുന്‍ഗണനാപട്ടികയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുൻഗണന പട്ടിക പ്രകാരം തന്നെ തുടരും.

കേരളത്തോടു വിവേചനം കാട്ടിയിട്ടില്ലെന്നും ഔദ്യോഗികമായി ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ കത്തിനെത്തുടർന്നാണ് നടപടിയെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുന്ന പദ്ധതിയിൽ കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവിട്ടിരുന്നു. പുതിയ വിജ്ഞാപനം അനുസരിച്ച്, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ ദേശീയപാത വികസനം രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റിയിരുന്നു.

ഇതോടെ 2 വർഷത്തേക്കു കേരളത്തിലെ ദേശീയപാതാ വികസനം നടക്കില്ലെന്ന സ്ഥിതിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗഡ്കരിയുമായി ഫോണിൽ ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു.

ഈ വിജ്ഞാപനമാണ് ഇപ്പോൾ റദ്ദാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്. ദേശീയപാത വികസനം 2021ന് അകം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിജ്ഞാപനം പുറത്തുവന്നത്.

Similar News