'ദേശീയതയെ മുൻനിർത്തി മോദി റുപേ കാർഡിനെ പിന്തുണക്കുന്നു': മാസ്റ്റർകാർഡ് യുഎസിൽ പരാതി നൽകി

Update:2018-11-02 17:26 IST

ദേശീയതാവികാരത്തെ മുൻനിർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് റുപേ കാർഡിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നെന്ന് മാസ്റ്റർകാർഡ്.

അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സേവന ദാതാവായ മാസ്റ്റർകാർഡ് ജൂൺ മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രെസെന്റേറ്റീവിന് (USTR) നൽകിയ പരാതിയാണ് ഇപ്പോൾ റോയിട്ടേഴ്സ് പുറത്തു കൊണ്ടുവന്നിരിക്കുകയാണ്.

ഇന്ത്യയുടെ 'സംരക്ഷണവാദപരമായ നയങ്ങൾ' വിദേശ പേയ്മെന്റ് കമ്പനികൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്.

ഇതേ മാസത്തിൽ മോദി തന്റെ സിംഗപ്പൂർ സന്ദർ‌ശനത്തിനിടയിൽ മധുബനി പെയിന്റിങ് റുപേ കാർഡ് ഉപയോഗിച്ച് വാങ്ങിയത് വലിയ വാർത്തയായിരുന്നു.

നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ വികസിപ്പിച്ച ആഭ്യന്തര പേയ്മെന്റ് നെറ്റ്‌വർക്കാണ് റുപേ. ഇന്ത്യൻ ഡെബിറ്റ് കാർഡ് വിപണിയിൽ യുഎസ് കമ്പനികളായ മാസ്റ്റർ കാർഡിനും വിസയ്ക്കും മേൽക്കോയ്മ ഇല്ലാതാക്കിയത് റുപേ ആണ്. ഇപ്പോൾ ഇന്ത്യയുടെ 100 കോടി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ പകുതിയിലധികവും റുപേ പേയ്മെന്റ് സിസ്റ്റത്തിലാണ്.

മോദി പലവട്ടം റുപേ കാർഡിനെ പിന്തുണച്ച് പൊതുവേദിയിൽ സംസാരിച്ചിട്ടുണ്ടെന്ന് മാസ്റ്റർകാർഡ് പറയുന്നു. "രാജ്യത്തെ സേവിക്കുന്നതിന് തുല്യമാണ് റുപേ ഉപയോഗിക്കുന്നത്. അതിന്റെ ട്രാൻസാക്ഷൻ ഫീ ഇന്ത്യയ്ക്ക് തന്നെ ലഭിക്കുന്നതിനാൽ, റോഡുകളും, സ്കൂളുകളും, ആശുപത്രികളും പണിയാൻ ആ പണം ഉപയോഗിക്കാം," റുപേയെക്കുറിച്ച് ഒരിക്കൽ മോദി പറഞ്ഞു.

ഡേറ്റ ഇന്ത്യയിൽ സൂക്ഷിക്കണം എന്ന സർക്കാരിന്റെ കടുംപിടുത്തം തുടങ്ങി നിരവധി നയങ്ങൾ ഇന്ത്യയുടെ സംരക്ഷണവാദമാണ് (protectionism) തെളിയിക്കുന്നതെന്നാണ് മാസ്റ്റർകാർഡ് പരാതി നൽകിയിരിക്കുന്നത്.

Similar News