ഊര്‍ജ മേഖലയിലെ ഏഴ് ലക്ഷം കോടി നിക്ഷേപത്തിലൂടെ സാമ്പത്തിക വളര്‍ച്ച 5 വര്‍ഷത്തിനകം ഇരട്ടിയാകും: മോദി

Update:2019-10-30 11:52 IST

ഊര്‍ജ മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഇന്ത്യ എണ്ണ-പ്രകൃതിവാതക വ്യവസായത്തില്‍ ഏഴ് ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്ര വലിയ  നിക്ഷേപത്തിലൂടെ അഞ്ച് വര്‍ഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും സൗദി വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തവേ മോദി പറഞ്ഞു.

വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ സ്ഥിരതയും സുതാര്യവുമായ നയം ആവിഷ്‌കരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഊര്‍ജ സംസ്‌ക്കരണ മേഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനും ഗ്യാസ് ഇറക്കുമതി ടെര്‍മിനലുകള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടിയാകും പുതിയ നിക്ഷേപത്തുക ചെലവഴിക്കുക.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരാണ് സൗദി അറേബ്യ. വാങ്ങുന്നയാള്‍-വില്‍ക്കുന്നയാള്‍ എന്ന തരത്തിലുള്ള ബന്ധത്തിനപ്പുറം ഈ പങ്കാളിത്തം തന്ത്രപരമായ ഒന്നായി പരസ്പര നിക്ഷേപത്തോടെ വികസിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ അതിവേഗം വളരുന്ന ഉപഭോഗ കേന്ദ്രത്തില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായാണ് എണ്ണ ഇതര കമ്പനികള്‍ക്കായി അടുത്തിടെ ഇന്ത്യയില്‍ ഇന്ധന ചില്ലറ വില്‍പ്പന മേഖല തുറന്ന ത്. ഏഷ്യയിലെ ഏറ്റവും വലിയ റിഫൈനറിയായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോ, മഹാരാഷ്ട്രയില്‍ വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയില്‍ വന്‍ നിക്ഷേപം നടത്തുന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൗദ്, കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുല്‍അസിസ് അല്‍ സൗദ് രാജകുമാരന്‍ എന്നിവരുമായും നിരവധി മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.ഊര്‍ജം, തൊഴില്‍, കൃഷി, ജലസേചനം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുതകുന്ന ഏതാനും കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യ-സൗദി ബന്ധം ഭാവിയില്‍ കൂടുതല്‍ സുദൃഢമാക്കാനിടയാക്കുന്ന സന്ദര്‍ശനമാണ് പൂര്‍ത്തിയായതെന്ന് നരേന്ദ്ര മോദി റിയാദില്‍ നിന്ന് മടങ്ങിയശേഷം വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News