രാജ്യം നേരിടുന്ന ആഘാതം രൂക്ഷം: മന്‍മോഹന്‍ സിംഗ്

Update:2020-03-06 16:50 IST

സാമ്പത്തിക,

ജനാധിപത്യ ശക്തിരാഷ്ട്രങ്ങളുടെ മുന്‍ നിരയില്‍ നിന്ന് ഇന്ത്യയുടെ സ്ഥാനം

താഴേക്കു പോകുമെന്ന ആശങ്ക പങ്കുവച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍

സിംഗ്. സാമൂഹിക സഹവര്‍ത്തിത്വത്തിനുണ്ടായിട്ടുള്ള ഹാനി, രൂക്ഷമായ

സാമ്പത്തിക മാന്ദ്യം, ലോകവ്യാപകമായി പടരുന്ന കൊറോണാ വൈറസ് എന്നിവയാല്‍

രാജ്യം നേരിടുന്ന അപകടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പും നല്‍കുന്നു 'ദ

ഹിന്ദു' വിലെ ലേഖനത്തിലൂടെ.

'യൂണിവേഴ്‌സിറ്റി

കാമ്പസുകളും പൊതു സ്ഥലങ്ങളും വീടുകളും സാമുദായിക അതിക്രമങ്ങളുടെ ആഘാത

വേദികളാകുന്നു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെയാണ്

അനുസ്മരിപ്പിക്കുന്നത്. ക്രമസമാധാന സ്ഥാപനങ്ങള്‍ പൗരന്മാരെ

സംരക്ഷിക്കുകയെന്ന ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിച്ചു. നീതി സ്ഥാപനങ്ങളും

ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമായ മാധ്യമങ്ങളും നമ്മെ

പരാജയപ്പെടുത്തി.' -ലേഖനത്തില്‍ മുന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ

ആത്മാവിനെ മുറിവേല്‍പ്പിക്കുന്ന സാമൂഹിക പിരിമുറുക്കങ്ങള്‍ അത്

കത്തിച്ചുവിട്ട അതേ ആളുകള്‍ക്ക് മാത്രമേ കെടുത്തിക്കളയാന്‍ കഴിയൂ എന്നും

ലേഖനത്തില്‍ പറയുന്നു. ഇപ്പോഴത്തെ അക്രമത്തെ ന്യായീകരിക്കുന്നതിന് 

മുന്‍കാല സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് നിരര്‍ത്ഥകമാണ്. വിഭാഗീയ

അക്രമത്തിന്റെ ഓരോ പ്രവൃത്തിയും മഹാത്മാഗാന്ധിയുടെ ഇന്ത്യയെ

കളങ്കപ്പെടുത്തുന്നു.

ലിബറല്‍ ഡെമോക്രാറ്റിക്

രീതികളിലൂടെ സാമ്പത്തിക വികസനത്തിന്റെ നവീന മാതൃക ഇന്ത്യ സൃഷ്ടിച്ചത്

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ്.അപ്രകാരം ആഗോള ശ്രദ്ധയാകര്‍ഷിക്കാന്‍

രാജ്യത്തിനു കഴിഞ്ഞിരുന്നു.ആ സ്ഥാനത്തു വന്ന ഇന്ത്യയാണ് സാമ്പത്തിക നിരാശ

ബാധിച്ച് കലഹിക്കുന്നവരുടെ രാഷ്ട്രമെന്ന ദുഷ്‌പേര് ഏറ്റുവാങ്ങുന്നതെന്ന്

അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇത്തരം സാമൂഹിക അസ്വസ്ഥതകള്‍ സാമ്പത്തിക

മാന്ദ്യം വര്‍ദ്ധിപ്പിക്കും.നിക്ഷേപകരും വ്യവസായികളും സംരംഭകരും പുതിയ

പദ്ധതികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല വെല്ലുവിളികള്‍

ഏറ്റെടുക്കാനുള്ള അവരുടെ ധൈര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. സാമ്പത്തിക

വികസനത്തിന്റെ അടിത്തറയായ സാമൂഹിക ഐക്യം  അപകടത്തിലായിരുക്കുന്നു.

ലോകമെമ്പാടുമായി

മൂവായിരത്തിലധികം മരണങ്ങള്‍ക്ക് കാരണമായ കൊറോണ വൈറസ് വിഷയത്തില്‍,

ഇന്ത്യയും അതിവേഗം പ്രവര്‍ത്തിക്കണം.ഒരു മിഷന്‍ ക്രിട്ടിക്കല്‍ ടീമിനെ

പ്രഖ്യാപിക്കണമെന്നും സിംഗ് അഭിപ്രായപ്പെട്ടു. സംയോജിത ആഗോള

സമ്പദ്വ്യവസ്ഥയെ വിഷമിപ്പിക്കുന്ന കോവിഡ് -19 പ്രതിസന്ധി ഇന്ത്യയുടെ ജിഡിപി

വളര്‍ച്ചയെ 0.5 - 1 ശതമാനം കുറയ്ക്കും. ഇതിനകം തന്നെ ദുര്‍ബലമായ

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഈ ബാഹ്യ ആരോഗ്യ ആഘാതം കൂടുതല്‍

വഷളാക്കും.

മൊത്തത്തിലുള്ള പ്രതിസന്ധി

ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് കോവിഡ് -19

പ്രതിരോധിക്കുകയാണ്. ഇതിനായി ഫലപ്രദമായ ശ്രമമുണ്ടാകണം. പൗരത്വ നിയമം

പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്ത് വിഷലിപ്തമായ സാമൂഹിക

കാലാവസ്ഥയ്ക്കു വിരാമം കുറിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം.ദേശീയ ഐക്യം

വളര്‍ത്താന്‍ അതാവശ്യമാണ്. മൂന്ന്, ഉപഭോഗ ആവശ്യം വര്‍ദ്ധിപ്പിക്കുന്നതിനും

സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി വിശദവും സൂക്ഷ്മവുമായ

സാമ്പത്തിക ഉത്തേജക പദ്ധതി തയ്യാറാക്കണം.

1991 ലെ സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ കടുത്ത പരിഷ്‌കാരങ്ങളിലൂടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാക്കി അതിനെ മാറ്റിയെടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. നിലവിലെ സ്ഥിതി വളരെ ഭീകരവും മോശവുമാണ് എന്നതാണ് സത്യം. നമുക്കറിയാവുന്നതും നമ്മള്‍ മനസില്‍ കൊണ്ടു നടക്കുന്നതുമായ ഇന്ത്യ അതിവേഗം വഴുതിവീഴുകയാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ നാം നേരിടുന്ന ഗുരുതരമായ അപകടസാധ്യതകളെ യാഥാര്‍ത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കേണ്ട സമയമാണിത് - മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News