Econopolitics

റഫാല്‍ വിധി പുനഃപരിശോധനയില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

Dhanam News Desk

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഡിസംബര്‍ 14 നു പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് സംബന്ധിച്ച് വിധിയില്‍ ഉണ്ടായ തെറ്റായ പരാമര്‍ശം തിരുത്തണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു.

ബിജെപി വിമതരും മുന്‍ കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണു പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. അഴിമതി ആരോപിച്ച് അഭിഭാഷകരായ എം.എല്‍. ശര്‍മ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എഎപി അംഗവുമായ സഞ്ജയ് സിങ് തുടങ്ങിയവരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്നു 36 യുദ്ധവിമാനങ്ങള്‍ 59000 കോടി രൂപയ്ക്കു വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്നായിരുന്നു  ആരോപണം.

റിലയന്‍സിനു സര്‍ക്കാര്‍ നേട്ടമുണ്ടാക്കി കൊടുത്തതായി തെളിവില്ലെന്നു നിരീക്ഷിച്ച കോടതി യുദ്ധവിമാനങ്ങളുടെ വില പരിശോധിക്കല്‍ തങ്ങളുടെ പരിധിയിലല്ലെന്നും പറഞ്ഞു. ഇതിനെതിരെയായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍.ദേശസുരക്ഷയ്ക്കാണു പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT