വാണിജ്യ യുദ്ധം; ശാന്തമായ ചര്‍ച്ച ആവശ്യമെന്ന് ചൈന

Update:2019-08-26 14:24 IST

ശാന്തമായ ചര്‍ച്ചകളിലൂടെ അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം പരിഹരിക്കാന്‍ ചൈന സന്നദ്ധമാണെന്ന്, വാഷിംഗ്ടണുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന വൈസ് പ്രീമിയര്‍ ലിയു ഹെ. വ്യാപാര സംഘര്‍ഷം രൂക്ഷമാകുന്നതിനെ ചൈന ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച 75 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ചരക്കുകള്‍ക്ക് ചൈന പ്രതികാര താരിഫ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതി സാധനങ്ങള്‍ക്ക് 550 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് അധിക ചുങ്കം പ്രഖ്യാപിച്ചതോടെ വ്യാപാരയുദ്ധം കൂടുതല്‍ തീവ്രമായിരുന്നു.പക്ഷേ, യുഎസ് കമ്പനികള്‍ ചൈനയില്‍ നിന്ന് പുറത്തുപോരണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും പിന്നീട് വാക്കു മാറ്റിപ്പറഞ്ഞു.

വാണിജ്യ യുദ്ധത്തില്‍ നിന്ന് ആര്‍ക്കും പ്രയോജനം ലഭിച്ചിട്ടില്ലെന്ന് ഉന്നത സാങ്കേതിക വിദഗ്ധരുടെ സമ്മേളനത്തില്‍ ലിയു പറഞ്ഞു. 'ശാന്തമായ മനോഭാവത്തില്‍ കൂടിയാലോചനകളിലൂടെയും സഹകരണത്തിലൂടെയും പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്,' - പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങിന്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവു കൂടിയായ ലിയു വ്യക്തമാക്കി.'വ്യാപാര യുദ്ധത്തിന്റെ വ്യാപനം ചൈനയ്ക്കോ അമേരിക്കയ്ക്കോ ലോകജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കോ പ്രയോജനകരമല്ല '-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News