ബ്രഹ്‌മപുരം തീപിടിത്തം; അണയ്ക്കാന്‍ ചെലവിട്ടത് 1.14 കോടി രൂപ

തീ അണയ്ക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങള്‍ക്ക് ഇന്ധനത്തിനും മറ്റുമായാണ് കൂടുതല്‍ പണം ചെലവായത്

Update: 2023-05-03 04:05 GMT

Kerala Fire And Rescue 

ബ്രഹ്‌മപുരം മാലിന്യകൂമ്പാരത്തിലെ തീ അണയ്ക്കാന്‍ ചെലവഴിച്ചത് ഒരുകോടിയിലേറെ രൂപ. തുടര്‍ച്ചയായ 13 ദിവസം കത്തിപ്പടര്‍ന്ന തീ അണയ്ക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് ക്യാംപ് ഒരുക്കാനും മറ്റുമായി 1.14 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടി വ്യക്തമാക്കി. തീ അണയ്ക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങള്‍ക്ക് ഇന്ധനത്തിനും മറ്റുമായാണ് കൂടുതല്‍ പണം ചെലവായത്.

ചെലവ് വന്നത് ഇങ്ങനെ

എസ്‌കവേറ്റര്‍, ഫ്ളോട്ടിംഗ് മെഷീന്‍, മോട്ടോറുകള്‍ എന്നിവയുടെ ഇന്ധനച്ചെലവ് ഉള്‍പ്പെടെ കോര്‍പ്പറേഷന് 90 ലക്ഷത്തോളം രൂപയാണ് ചെലവായത്. ഓപ്പറേറ്റര്‍മാരുടെ കൂലി, മണ്ണ് പരിശോധനാ ചെലവ്, താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങള്‍, ബയോ ടോയ്‌ലറ്റ്, ഭക്ഷണം തുടങ്ങിയവയ്ക്ക് ചെലവാക്കിയ തുകയും ഇതിലുള്‍പ്പെടും. തീഅണയ്ക്കാന്‍ പരിശ്രമിച്ച അഗ്നിശമനാ ഉദ്യോഗസ്ഥര്‍ക്ക് കാക്കനാട് ഒരുക്കിയ മെഡിക്കല്‍ ക്യാംപില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് താമസസൗകര്യം ഒരുക്കിയതിനും മറ്റുമായി പതിനൊന്ന് ലക്ഷം രൂപയാണ് ചെലവഴിച്ചത്.

ഹെല്‍ത്ത് ആന്‍ഡ് ഫാമിലി ജില്ലാ പ്രോഗ്രാം മാനേജറാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ജില്ലാമെഡിക്കല്‍ ഓഫിസര്‍ 13 ലക്ഷം രൂപ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ക്ലെയിം സമര്‍പ്പിച്ചിട്ടുണ്ടെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. അതേസമയം തീ അണയ്ക്കലുമായി ബന്ധപ്പെട്ട ചെലവ് ഇനത്തില്‍ ഇനി ആര്‍ക്കെങ്കിലും പണം നല്‍കാനുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് ബ്രഹ്‌മപുരത്ത് അഗ്നിബാധയുണ്ടായത്. 13 ദിവസം തുടര്‍ന്ന തീയും പുകയും മാര്‍ച്ച് 14നാണ് നിയന്ത്രണ വിധേയമാക്കാനായത്.

Tags:    

Similar News