രാജ്യത്ത് കയറ്റുമതി കുതിക്കുന്നു

മെയ് മാസത്തിലെ കയറ്റുമതി 20.55 ശതമാനം വര്‍ധിച്ച് 38.94 ബില്യണ്‍ ഡോളറിലെത്തി

Update:2022-06-15 17:11 IST

രാജ്യത്തെ കയറ്റുമതി മേഖല കുതിപ്പിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ ഇന്ത്യയിലെ ചരക്ക് കയറ്റുമതി 20.55 ശതമാനം ഉയര്‍ന്ന് 38.94 ബില്യണ്‍ ഡോളറായി. അതേസമയം വ്യാപാര കമ്മി റെക്കോര്‍ഡ് വര്‍ധനവോടെ 24.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞമാസത്തെ ഇറക്കുമതി 62.83 ശതമാനം വര്‍ധിച്ച് 63.22 ബില്യണ്‍ ഡോളറായാതായും കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വ്യാപാരക്കമ്മി 6.53 ബില്യണ്‍ ഡോളറായിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളിലെ സഞ്ചിത കയറ്റുമതി ഏകദേശം 25 ശതമാനം ഉയര്‍ന്ന് 78.72 ബില്യണ്‍ ഡോളറായി. ഈ മാസങ്ങളിലെ ഇറക്കുമതി 45.42 ശതമാനം വര്‍ധിച്ച് 123.41 ബില്യണ്‍ ഡോളറായി. വ്യാപാര കമ്മി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 21.82 ബില്യണ്‍ ഡോളറില്‍ നിന്ന് 44.69 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്.

മെയ് മാസത്തില്‍ പെട്രോളിയം, ക്രൂഡ് ഓയ്ല്‍ ഇറക്കുമതി 102.72 ശതമാനം ഉയര്‍ന്ന് 19.2 ബില്യണ്‍ ഡോളറിലെത്തി. കല്‍ക്കരി, കോക്ക്, ബ്രിക്കറ്റ് എന്നിവയുടെ ഇറക്കുമതി രണ്ട് ബില്യണ്‍ ഡോളറില്‍ നിന്ന് 5.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2021 മെയ് മാസത്തില്‍ 677 മില്യണ്‍ ഡോളറായിരുന്ന സ്വര്‍ണ ഇറക്കുമതി കഴിഞ്ഞമാസത്തില്‍ 6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. രാസവസ്തുക്കളുടെ കയറ്റുമതി 17.35 ശതമാനം ഉയര്‍ന്ന് 2.5 ബില്യണ്‍ ഡോളറിലെത്തി.

ഫാര്‍മയുടെയും എല്ലാ തുണിത്തരങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി യഥാക്രമം 10.28 ശതമാനവും 27.85 ശതമാനവും വര്‍ധിച്ച് 2 ബില്യണ്‍ ഡോളറായും 1.41 ബില്യണ്‍ ഡോളറായും ഉയര്‍ന്നു.

Tags:    

Similar News