മൂന്നു വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ നികുതിയായി ലഭിച്ചത് 8 ലക്ഷം കോടി രൂപ
2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ശേഖരിച്ചത് 3.71 ലക്ഷം കോടി രൂപ
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി സര്‍ക്കാരിന് പെട്രോള്‍, ഡീസല്‍ നികുതി ഇനത്തില്‍ ലഭിച്ചത് എട്ടു ലക്ഷം കോടി രൂപ. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം.
ഇതില്‍ 3.71 ലക്ഷം കോടി രൂപയും 2020-21 സാമ്പത്തിക വര്‍ഷത്തിലാണ് ശേഖരിച്ചത്.
പെട്രോളിന് മേലുള്ള എക്‌സൈസ് തീരുവ 2018 ഒക്ടോബര്‍ അഞ്ചിന് ലിറ്ററിന് 19.48 രൂപയായിരുന്നു. 2021 നവംബര്‍ നാലിലെത്തിയപ്പോള്‍ ഇത് 27.90 രൂപയായി ഉയര്‍ന്നു. ഡീസലിന്റെ എക്‌സൈസ് തീരുവ 2018 ഒക്ടോബര്‍ അഞ്ചിന് 15.33 രൂപയായിരുന്നു. 2021 നവംബര്‍ നാലിന് അത് 21.80 രൂപയാണ്.
കേന്ദ്രം നേടിയ എക്‌സൈസ് തീരുവ (പെട്രോള്‍+ഡീസല്‍)
2018-19: 2,10,282 കോടി രൂപ
2019-20: 2,19,750
2020-21: 3,71,908 കോടി രൂപ
ഈ വര്‍ഷം നവംബര്‍ നാലിനാണ് കനത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയില്‍ നിന്ന് യഥാക്രമം അഞ്ചും പത്തും രൂപ കുറച്ചത്. അതിനു മുമ്പ് പെട്രോള്‍ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമായിരുന്നു എക്‌സൈസ് തീരുവ.