രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പുറത്തേക്കെന്ന് ഐസിആര്‍എ
സര്‍ക്കാര്‍ ചെലവിടലും ഉപഭോഗം വര്‍ധിക്കുന്നതും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും;
ഉപഭോഗത്തിലുണ്ടാകുന്ന വര്‍ധനയും സര്‍ക്കാര്‍ തല ചെലവിടലും രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനമാകുമെന്നും കോവിഡ് വരുത്തിയ മാന്ദ്യത്തില്‍ നിന്ന് രാജ്യം പുറത്ത് കടക്കുമെന്നും റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 0.7 ശതമാനം വര്‍ധിച്ചിരിക്കാമെന്ന് ജന്‍സി കണക്കാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ ജിഡിപി കണക്കൂകള്‍ ഫെബ്രുവരി 26 ഓടെ പുറത്തിറങ്ങും.
മിക്ക മേഖലകളും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറുമെങ്കിലും ഏവിയേഷന്‍ പോലുള്ള അപൂര്‍വം മേഖലകളിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെന്നും ഏജന്‍സി പറയുന്നു.
സര്‍ക്കാര്‍ വന്‍തോതില്‍ ചെലവിടുന്നത് സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനമാകും. കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവും വായ്പയും 117.7 ശതമാനമാണ് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ വര്‍ധിച്ചത്. രണ്ടാം പാദത്തില്‍ 39.1 ശതമാനം കുറഞ്ഞ നിലയില്‍ നിന്നുമാണ് ഈ വര്‍ധന. മിക്ക സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ കുറവാണ് ഉണ്ടായിരിക്കുന്നതെങ്കിലും രണ്ടാം പാദത്തിലെ 4.8 ശതമാനം ഇടിവ് എന്നതില്‍ നിന്നും മൂന്നാം പാദത്തിലെത്തിയപ്പോള്‍ 14.1 ശതമാനം ഇടിവായി കുറഞ്ഞു.
ഉപഭോക്താക്കളുടെ ചെലവിടല്‍ ചെറിയ തോതിലാണെങ്കിലും വര്‍ധിച്ചു വരുന്നതും സാമ്പത്തിക മേഖലയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ഖാരിഫ് വിളവ് വര്‍ധിച്ചതും ഗ്രാമങ്ങളില്‍ നിന്ന് തൊഴിലാളികള്‍ നഗരങ്ങളിലേക്ക് വീണ്ടും എത്തിത്തുടങ്ങിയതും കര്‍ഷകരുടെയും കാര്‍ഷികേതര മേഖലയിലെയും ചെലവിടല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.