ഇന്ത്യ $4 ട്രില്യണ്‍ സമ്പദ്ശക്തിയായോ? അദാനിയും കേന്ദ്രമന്ത്രിമാരും പ്രചരിപ്പിച്ചത് തെറ്റായ വിവരമോ?
ഔദ്യോഗികമായി പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍
ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (GDP/ജി.ഡി.പി) മൂല്യം ചരിത്രത്തില്‍ ആദ്യമായി 4 ലക്ഷം കോടി ഡോളര്‍ കടന്നോ? ട്വിറ്ററിലും (X/എക്‌സ്) ഫേസ്ബുക്കിലുമടക്കം ട്രെന്‍ഡിംഗാണ് ഈ വിഷയം. ഇന്ത്യക്ക് അഭിനന്ദനമര്‍പ്പിച്ച് സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടവരില്‍ കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശതകോടീശ്വരനും അദാനി ഗ്രൂപ്പ് സാരഥിയുമായി ഗൗതം അദാനിയുമൊക്കെയുണ്ട്.
പക്ഷേ, ഇന്ത്യ വാസ്തവത്തില്‍ 4 ലക്ഷം കോടി ഡോളര്‍ സാമ്പത്തികശക്തിയായോ? ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിടുകയോ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
''അഭിനന്ദനങ്ങള്‍ ഇന്ത്യ. ഇനിയൊരു രണ്ടുവര്‍ഷത്തിനകം നമ്മള്‍ ജപ്പാനെയും (4.4 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ) ജര്‍മ്മനിയെയും (4.3 ലക്ഷം കോടി ഡോളര്‍) പിന്തള്ളി മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും'' - എന്നാണ് ഗൗതം അദാനി എക്‌സില്‍ കുറിച്ചത്. പിന്നീട് അദ്ദേഹം ട്വീറ്റ് ഒഴിവാക്കി.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് എന്നിവരും അഭിനന്ദന ട്വീറ്റുകളുമായി എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത കുതിപ്പാണ് ഇന്ത്യ നടത്തുന്നതെന്നാണ് കേന്ദ്രമന്ത്രി ട്വിറ്ററില്‍ എഴുതിയത്.
ശരിക്കും ഇന്ത്യ $4 ലക്ഷം കോടി കടന്നോ?
ഇല്ല. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടുമില്ല. രാജ്യത്തെ ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ മൊത്തം മൂല്യത്തെയാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി എന്ന് പറയുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) കണക്കുപ്രകാരം 272.41 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ ജി.ഡി.പി മൂല്യം; അതായത് 3.3 ലക്ഷം കോടി ഡോളര്‍. നടപ്പുവര്‍ഷം (2023-24) 10.5 ശതമാനം പ്രതീക്ഷിത വളര്‍ച്ചയോടെ ജി.ഡി.പി മൂല്യം 301.75 ലക്ഷം കോടി രൂപയാകുമെന്നാണ് വിലയിരുത്തലുകള്‍. അതായത്, 3.6 ലക്ഷം കോടി ഡോളര്‍.
ഫലത്തില്‍, 2024ലോ 2025ലോ ഇന്ത്യ 4 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകാനുള്ള സാദ്ധ്യത വിരളമാണ്. എന്നാല്‍, ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ (major) സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍ ഇന്ത്യ അധികം വൈകാതെ തന്നെ 4 ലക്ഷം കോടി ഡോളര്‍ സമ്പദ്ശക്തിയാകുമെന്നതില്‍ തര്‍ക്കമില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ഒരേ സ്വരത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.